ലോകകപ്പിൽ ചരിത്രം തിരുത്തി ഫിഫ; സൗദി പതാകയോട് ആദരവ്, മാതൃകയായി യുറഗ്വായും

  1. Home
  2. Sports

ലോകകപ്പിൽ ചരിത്രം തിരുത്തി ഫിഫ; സൗദി പതാകയോട് ആദരവ്, മാതൃകയായി യുറഗ്വായും

saudi


ലോകകപ്പ് ഫുട്ബോളിൽ പതിവ് പ്രോട്ടോക്കോളുകളിൽ മാറ്റം വരുത്തി സൗദി അറേബ്യയുടെ ദേശീയ പതാകയോട് ആദരവ് പ്രകടിപ്പിച്ച ഫിഫയുടെ നടപടിക്ക് കൈയടിച്ച് കായികലോകം. സൗദി അറേബ്യയും യുറഗ്വായും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായുള്ള ദേശീയ ഗാനാലാപന ചടങ്ങിലാണ് ഫിഫ അധികൃതർ വേറിട്ട മാതൃക കാണിച്ചത്. സാധാരണയായി മത്സരങ്ങൾക്ക് മുൻപ് ഇരു ടീമുകളുടെയും കൂറ്റൻ പതാകകൾ മൈതാനത്തെ പുൽത്തകിടിയിൽ വിരിച്ചിടാറാണ് പതിവ്. എന്നാൽ ഈ മത്സരത്തിൽ ഇരുരാജ്യങ്ങളുടെയും പതാകകൾ നിലത്തു വയ്ക്കാതെ വൊളന്റിയർമാർ വായുവിൽ ഉയർത്തിപ്പിടിക്കുകയായിരുന്നു.

പതാകയിൽ ഇസ്ലാമിക വിശ്വാസപ്രഖ്യാപനമായ 'ശഹാദത്ത് കലിമ' രേഖപ്പെടുത്തിയിട്ടുള്ളതിനാൽ, സൗദി പതാക ഒരിക്കലും നിലത്തോ മറ്റ് പ്രതലങ്ങളിലോ തൊടാൻ പാടില്ലെന്ന് കടുത്ത ഔദ്യോഗിക നിയമമുണ്ട്. ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ ഇത്തരമൊരു നിയമമുള്ള ഏക പതാകയും സൗദിയുടേതാണ്. അന്താരാഷ്ട്ര വേദികളിൽ പതാകയുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന നിയമം മുൻനിർത്തി, പതാക എപ്പോഴും ഉയർത്തിപ്പിടിക്കണമെന്ന് ഫിഫയും സൗദി പ്രതിനിധി സംഘവും തമ്മിൽ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു.

ചടങ്ങിനിടെ സൗദി പതാക വായുവിൽ ഉയർത്തിപ്പിടിച്ചതിനൊപ്പം, പരസ്പര ബഹുമാനം നിലനിർത്തുന്നതിനായി എതിർ ടീമായ യുറഗ്വായുടെ പതാകയും നിലത്തു തൊടാതെ വൊളന്റിയർമാർ ഉയർത്തിപ്പിടിച്ചു. ഫിഫയുടെയും യുറഗ്വായ് ടീമിന്റെയും ഈ സ്പോർട്സ്മാൻ സ്പിരിറ്റിന് സമൂഹമാധ്യമങ്ങളിൽ വലിയ പ്രശംസയാണ് ലഭിക്കുന്നത്.