പ്രശ്നങ്ങൾ മറന്നേക്കൂ, മികച്ച പ്രകടനം പുറത്തെടുക്കൂ; ഇന്ത്യൻ താരങ്ങളോട് മനു ഭാക്കർ
ഏഷ്യൻ ഗെയിംസ് സംഘാടനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും മാറ്റിവെച്ച് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യൻ കായികതാരങ്ങളോട് ഒളിമ്പിക് മെഡൽ ജേതാവ് മനു ഭാക്കർ. പരാതികൾ പറഞ്ഞ് ഊർജ്ജം കളയാതെ കഠിനാധ്വാനം ചെയ്ത് നേടിയെടുത്ത ഈ അവസരം പരമാവധി വിനിയോഗിച്ച് മികച്ച രീതിയിൽ മത്സരിക്കണമെന്നും താരം വ്യക്തമാക്കി.
36 കായികയിനങ്ങളിലായി 499 താരങ്ങളടങ്ങുന്ന വൻ സംഘത്തെയാണ് ഇന്ത്യ ഇത്തവണ അയച്ചിരിക്കുന്നത്. ജപ്പാനിൽ നടക്കുന്ന മത്സരങ്ങളിൽ 24-കാരിയായ മനു ഭാക്കറിൽ രാജ്യത്തിന് വലിയ പ്രതീക്ഷയാണുള്ളത്. 2024 പാരീസ് ഒളിമ്പിക്സിൽ രണ്ട് വെങ്കല മെഡലുകൾ നേടി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം മനു സ്വന്തമാക്കിയിരുന്നു.
ഇത്തവണ ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകരിൽ ഒരാളായ മനു, വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ, 25 മീറ്റർ പിസ്റ്റൾ, 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം എന്നീ മൂന്ന് ഇനങ്ങളിലാണ് മത്സരിക്കുന്നത്. 2022 ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ 28 സ്വർണമടക്കം 107 മെഡലുകൾ നേടിയതായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം.
