മുൻ ഓസീസ് താരം ഡാമിയൻ മാർട്ടിൻ കോമയിൽ; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം
മസ്തിഷ്ക ജ്വരം (Meningitis) ബാധിച്ചതിനെത്തുടർന്ന് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസ താരം ഡാമിയൻ മാർട്ടിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. നിലവിൽ കോമയിലായ അദ്ദേഹത്തെ ക്വീൻസ്‌ലാൻഡിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ നില വഷളായത്.
താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, മികച്ച ചികിത്സയാണ് നൽകുന്നതെന്ന് പങ്കാളി അമാൻഡ വ്യക്തമാക്കി. മാർട്ടിന്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്നതായി അടുത്ത സുഹൃത്തും സഹതാരവുമായ ആദം ഗിൽക്രിസ്റ്റ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ പ്രതാപകാലത്തെ ബാറ്റിംഗ് കരുത്തായിരുന്നു ഡാമിയൻ മാർട്ടിൻ. 1999, 2003 ലോകകപ്പ് വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച താരം, 2003-ലെ ഫൈനലിൽ ഇന്ത്യക്കെതിരെ നേടിയ അർധസെഞ്ചുറി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓസീസിനായി 67 ടെസ്റ്റുകളിൽ നിന്നായി 13 സെഞ്ചുറികൾ ഉൾപ്പെടെ 4,406 റൺസും ഏകദിനത്തിൽ 5,346 റൺസും അദ്ദേഹം നേടിയിട്ടുണ്ട്.
