ലോകകപ്പിലെ ബെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് മുൻ ചീഫ് സെലക്ടര്‍
ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ടൂർണമെന്‍റിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി തന്‍റെ 'ടീം ഓഫ് ദി ടൂർണമെന്‍റ്' പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ ഓപ്പണർ കൃഷ്ണമാചാരി ശ്രീകാന്ത്. അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ മൂന്നാം കിരീടം നേടിയതിന് പിന്നാലെ തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് ടീമിനെ തെരഞ്ഞെടുത്തത്.
ടൂർണമെന്‍റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണെയാണ് ശ്രീകാന്ത് ഓപ്പണറായി തിരഞ്ഞെടുത്തത്. വെറും 5 മത്സരങ്ങളിൽ നിന്ന് 80-ലധികം ശരാശരിയിൽ 321 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ന്യൂസിലൻഡിന്‍റെ ടിം സൈഫെർട്ടാണ് സഞ്ജുവിന്‍റെ ഓപ്പണിംഗ് പങ്കാളി. മൂന്നാം നമ്പറിൽ മറ്റൊരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷനെയാണ് ശ്രീകാന്ത് ഉൾപ്പെടുത്തിയത്.
വെസ്റ്റ് ഇൻഡീസ് താരം ഷിമ്രോൺ ഹെറ്റ്‌മെയറാണ് നാലാം നമ്പറിൽ. ഇന്ത്യൻ ഓൾറൗണ്ടർമാരായ ശിവം ദുബെയും ഹാർദിക് പാണ്ഡ്യയും അഞ്ചും ആറും സ്ഥാനങ്ങളിൽ ഇടംപിടിച്ചു. ടൂർണമെന്‍റിലുടനീളം ബാറ്റിംഗിലും ബൗളിംഗിലും നിർണ്ണായക സ്വാധീനം ചെലുത്താൻ ഇവർക്ക് സാധിച്ചിരുന്നു. മൂന്ന് സ്പിന്നർമാരെയാണ് ശ്രീകാന്ത് തന്‍റെ ഇലവനിൽ ഉൾപ്പെടുത്തിയത്. ഇംഗ്ലണ്ടിന്‍റെ വിൽ ജാക്സ്, ആദിൽ റഷീദ് എന്നിവർക്കൊപ്പം ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്‍റ്നറും ടീമിലെത്തി. സാന്‍റ്നറെയാണ് ശ്രീകാന്ത് ടീമിന്‍റെ നായകനായി തെരഞ്ഞെടുത്തത്.
പേസ് നിരയിൽ ഇന്ത്യയുടെ ജസ്പ്രീത് ബുംറയും ദക്ഷിണാഫ്രിക്കയുടെ ലുങ്കി എൻഗിഡിയുമാണ് സ്ഥാനം പിടിച്ചത്. 14 വിക്കറ്റുകളുമായി ബുംറ ടൂർണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തിയിരുന്നു. വെസ്റ്റ് ഇൻഡീസ് താരം ജേസൺ ഹോൾഡറാണ് പന്ത്രണ്ടാമൻ.
