സഞ്ജു സാംസണ് ഫിറ്റ്നസ് കാര്യത്തില്‍ ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍

  1. Home
  2. Sports

സഞ്ജു സാംസണ് ഫിറ്റ്നസ് കാര്യത്തില്‍ ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍

SANJU


ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി തകര്‍പ്പന്‍ പ്രകടനം തുടരുന്ന സഞ്ജു സാംസണ് ഫിറ്റ്നസ് കാര്യത്തില്‍ ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഫിറ്റ്നസിന്റെ കാര്യത്തില്‍ സഞ്ജു മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ മാതൃകയാക്കണമെന്നും ശാരീരികക്ഷമതയില്‍ സഞ്ജു ഇനിയും മെച്ചപ്പെടാനുണ്ടെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് 18 കോടി രൂപയ്ക്ക് ചെന്നൈയിലെത്തിയ സഞ്ജുവിന് ആദ്യ മൂന്ന് മത്സരങ്ങളില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ പിന്നീട് അതിശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 57.42 ശരാശരിയില്‍ 402 റണ്‍സുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ സഞ്ജു മുന്‍നിരയിലുണ്ട്. ഈ സീസണില്‍ രണ്ട് സെഞ്ചുറികളും ഒരു അര്‍ദ്ധ സെഞ്ചുറിയും താരം ഇതിനോടകം സ്വന്തമാക്കി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിന്റെ പോരാട്ടവീര്യമാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. പ്രയാസകരമായ പിച്ചില്‍ 52 പന്തില്‍ പുറത്താവാതെ 87 റണ്‍സ് നേടിയ സഞ്ജു തന്നെയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.

ഒരു സീസണില്‍ തന്നെ ഡല്‍ഹിക്ക് എതിരെ രണ്ട് തവണ 100 റണ്‍സിന് മുകളില്‍ പാര്‍ട്ണര്‍ഷിപ്പില്‍ പങ്കാളിയാകുന്ന ആദ്യ താരം എന്ന റെക്കോര്‍ഡും സഞ്ജു സ്വന്തമാക്കി. സഞ്ജുവിന്റെ ബാറ്റിംഗ് മികവിനെ പ്രശംസിക്കുമ്പോഴും ഫിറ്റ്നസിലെ കുറവുകളെ മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി… ''ഫിറ്റ്നസിന്റെ കാര്യത്തില്‍ സഞ്ജു സാംസണ്‍ വിരാട് കോലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം. വിരാട് കോലിയുടെ അത്രയും ശാരീരികക്ഷമതയിലേക്ക് സഞ്ജു എത്തിയിട്ടില്ല. തന്റെ കരിയറിലെ മികച്ച ഫോമിലൂടെയാണ് സഞ്ജു ഇപ്പോള്‍ കടന്നുപോകുന്നത്. എന്നാല്‍ ഈ മികവ് ദീര്‍ഘകാലം നിലനിര്‍ത്താന്‍ കോലിയെപ്പോലെ ഫിറ്റ്നസില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്.'' മഞ്ജരേക്കര്‍ വ്യക്തമാക്കി.