മുൻ ലോക ബില്യാർഡ്സ് ചാമ്പ്യൻ മനോജ് കോത്താരി അന്തരിച്ചു

  1. Home
  2. Sports

മുൻ ലോക ബില്യാർഡ്സ് ചാമ്പ്യൻ മനോജ് കോത്താരി അന്തരിച്ചു

manoj kothari


മുൻ ലോക ബില്യാർഡ്സ് ചാമ്പ്യനും ഇതിഹാസ താരവുമായ മനോജ് കോത്താരി (67) അന്തരിച്ചു. തമിഴ്നാട്ടിലെ തിരുനെൽവേലിയിലുള്ള ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. പത്ത് ദിവസം മുൻപ് ഇവിടെ വിജയകരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായിരുന്നു. എന്നാൽ തുടർന്നുണ്ടായ ശ്വാസകോശത്തിലെ അണുബാധയെയും ഹൃദയാഘാതത്തെയുമാണ് മരണകാരണമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

ഇന്ത്യൻ ബില്യാർഡ്‌സ് ചരിത്രത്തിലെ സുവർണ്ണ താരങ്ങളിൽ ഒരാളായ മനോജ് കോത്താരി 1990-ലാണ് ലോക ചാമ്പ്യനായത്. മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറിൽ അദ്ദേഹം രാജ്യത്തിനായി നിരവധി നേട്ടങ്ങൾ കൊയ്തു. 2005-ൽ കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് രാജ്യം അദ്ദേഹത്തെ ധ്യാൻചന്ദ് അവാർഡ് നൽകി ആദരിച്ചിരുന്നു. മുൻ ലോക ചാമ്പ്യൻ കൂടിയായ മകൻ സൗരവ് കോത്താരിയുടെ മെന്റർ കൂടിയായിരുന്നു അദ്ദേഹം. 2025-ൽ സൗരവ് ലോക ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ ആ വിജയത്തിന് പിന്നിൽ പിതാവ് മനോജ് കോത്താരിയുടെ മാർഗനിർദ്ദേശങ്ങളായിരുന്നു.

കൊൽക്കത്തയിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ വിയോഗത്തിൽ കായിക ലോകം അനുശോചനം രേഖപ്പെടുത്തി. ലോക കായിക ഭൂപടത്തിൽ ഇന്ത്യൻ ബില്യാർഡ്‌സിന്റെ പ്രതാപം ഉയർത്തിപ്പിടിക്കുന്നതിൽ മനോജ് കോത്താരി വഹിച്ച പങ്ക് വളരെ വലുതാണ്.