അവസാന പന്തിൽ ഫോർ; പാകിസ്താനെ വീഴ്ത്തി അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം ചൂടി ഇന്ത്യ
അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ പാകിസ്താനെ കീഴടക്കി ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി. മനസ്സാന്നിധ്യം കൈവിടാതെ മോഹിത് ഉൽവ അവസാന പന്ത് ബൗണ്ടറി കടത്തിയതോടെ ഒരു വിക്കറ്റിന്റെ ത്രില്ലിങ് ജയത്തോടെയാണ് ഇന്ത്യ കിരീടം വാനിലുയർത്തിയത്.
338 റൺസ് വലിയ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ, മോഹിത് ഉൽവയും സി.വി.എൻ.വി സുഭാഷും ചേർന്ന് അവസാന ഓവറുകളിൽ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മോഹിത് 26 പന്തിൽ 49 റൺസും സുഭാഷ് എട്ട് പന്തിൽ 11 റൺസും നേടി. 49-ാം ഓവറിൽ ഇരുവരും ചേർന്ന് 17 റൺസ് അടിച്ചെടുത്തു. നേരത്തെ ഓപ്പണർമാരായ ലക്ഷ്യ റായ്ചന്ദാനി (80), ആര്യവീർ സെവാഗ് (58) എന്നിവർ ചേർന്ന് ഒന്നാം വിക്കറ്റിൽ 95 റൺസിന്റെ മികച്ച അടിത്തറയാണ് നൽകിയത്. 32 പന്തിൽ 47 റൺസെടുത്ത മനാൽ ചൗഹാന്റെ പ്രകടനവും നിർണായകമായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 337 റൺസെടുത്തത്. 107 റൺസെടുത്ത ഓപ്പണർ ഉസ്മാൻ ഖാൻ, 80 റൺസെടുത്ത അബ്ദുൾ ഖാദിർ, 63 റൺസെടുത്ത ക്യാപ്റ്റൻ ഫർഹാൻ യൂസഫ് എന്നിവരാണ് പാക് നിരയിൽ തിളങ്ങിയത്. ഇന്ത്യൻ ബൗളിങ് നിരയിൽ കാവ്യ പട്ടേൽ നാല് വിക്കറ്റും ചിഗുരുപതി വെങ്കട്ട മൂന്ന് വിക്കറ്റും വീഴ്ത്തി.
