ക്രിക്കറ്റ് പിച്ചിൽ നിന്ന് രാഷ്ട്രീയ കളത്തിലേക്ക്; യുസ്വേന്ദ്ര ചഹൽ ബി.ജെ.പിയിൽ ചേർന്നു
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രമുഖ സ്പിന്നറായ യുസ്വേന്ദ്ര ചഹൽ സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. പാർട്ടിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പുതുതായി രൂപീകരിച്ച ഒ.ബി.സി മോർച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ താരത്തെ പ്രത്യേക ക്ഷണിതാവായും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള പ്രതിനിധിയായാണ് ചഹലിന് കമ്മിറ്റിയിൽ സ്ഥാനം നൽകിയിരിക്കുന്നത്.
ഒ.ബി.സി മോർച്ച ദേശീയ അധ്യക്ഷനും രാജ്യസഭാ എം.പിയുമായ അമർ പാൽ മൗര്യയുമായി ചഹൽ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു; ഈ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒ.ബി.സി വിഭാഗത്തിന്റെ വോട്ടുകൾ കൂടുതൽ സമാഹരിക്കാൻ ചഹലിന്റെ കടന്നുവരവ് സഹായകമാകുമെന്നാണ് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നത്.
