സഞ്ജുവിനെ ഒഴിവാക്കിയത് കരിയറിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമെന്ന് ഗംഭീർ
മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, കഴിഞ്ഞ കുറച്ചുകാലമായി സഞ്ജു ഇന്ത്യക്കായി നടത്തിയ മികച്ച പ്രകടനങ്ങളെ ഗംഭീർ ചൂണ്ടിക്കാണിച്ചു. മുൻപ് ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിനെ ഒഴിവാക്കി വൈഭവിനെ ഉൾപ്പെടുത്തിയത് തന്‍റെ പരിശീലക ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമായിരുന്നുവെന്നും ഗംഭീർ വെളിപ്പെടുത്തി. സഞ്ജു തന്‍റെ കഴിവ് എന്താണെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. ലോകകപ്പിലെ മികച്ച പ്രകടനം വെറുതെ ഉണ്ടാകുന്നതല്ല. ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിനെ ഒഴിവാക്കിയത് ഒരുപക്ഷേ എന്‍റെ കോച്ചിംഗ് കരിയറിലെ ഏറ്റവും കഠിനമായ തീരുമാനമായിരുന്നു. എന്നാൽ ചില സമയങ്ങളിൽ കളിക്കാരുടെ ഫോമിന് മുൻഗണന നൽകേണ്ടി വരും. ടി20 ലോകകപ്പ് വിജയിച്ച അതേ ടീം കോമ്പിനേഷനിലേക്ക് തിരികെ പോകാനാണ് ഞാൻ ആഗ്രഹിച്ചത്. തുടർച്ചയായി മൂന്നോ നാലോ മത്സരങ്ങളിൽ പരാജയപ്പെട്ടതുകൊണ്ട് മാത്രം ഒരാൾ മോശം കളിക്കാരനാകുന്നില്ല. ലോകകപ്പ് ജയിച്ച ഒരു ടീമിലെ കളിക്കാർ പെട്ടെന്നൊരു പരമ്പര കഴിയുമ്പോൾ മോശം കളിക്കാരായി മാറുന്നില്ലെന്നും മത്സരശേഷം ഗംഭീർ പറഞ്ഞു.ഗംഭീറിന്റെ വിശ്വാസം കാത്ത സഞ്ജു സാംസൺ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ രണ്ട് അർദ്ധസെഞ്ചുറികളോടെ 117 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു.
