വിൻഡീസിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യ കരുതിയിരിക്കണമെന്ന് ഗവാസ്കര്‍
ടി20 ലോകകപ്പിന്റെ സൂപ്പർ 8-ൽ ഞായറാഴ്ച കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെ നേരിടാനൊരുങ്ങുന്ന സൂര്യകുമാർ യാദവിനും സംഘത്തിനും മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിന് മുൻപ് ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി സുനിൽ ഗവാസ്കർ. സിംബാബ്‌വെയ്‌ക്കെതിരായ ഉജ്ജ്വല വിജയം ആശ്വാസകരമാണെങ്കിലും, വിൻഡീസിനെ നിസ്സാരക്കാരായി കാണരുതെന്ന് ഗവാസ്കര്‍ പറഞ്ഞു. സിംബാബ്‌വെയ്‌ക്കെതിരെ 72 റൺസിന്‍റെ കൂറ്റൻ ജയം നേടിയെങ്കിലും, രണ്ട് തവണ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് ഉയർത്തുന്ന വെല്ലുവിളി സമാനതകളില്ലാത്തതാണെന്ന് ഗവാസ്കര്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിക്ക് ശേഷം ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ വരുത്തിയ മാറ്റങ്ങൾ സിംബാബ്‌വെക്കെതിരെ ഗുണകരമായെന്നും ഗവാസ്കർ പറഞ്ഞു.വിൻഡീസ് ബാറ്റർമാർ ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിക്കുന്നവരാണ്. പന്തിനെ ബഹുമാനിക്കാൻ അവർ കാത്തിരിക്കാറില്ല, മറിച്ച് പന്തിനെ അതിർത്തി കടത്തിക്കൊണ്ടാണ് അവർ ബഹുമാനം പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ വളരെ കൃത്യമായ പ്ലാനുകളുമായി വേണം കളത്തിലിറങ്ങാനെന്നും ഗവാസ്കര്‍ മുന്നറിയിപ്പ് നല്‍കി.
സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസൺ നടത്തിയ ബാറ്റിംഗ് വെടിക്കെട്ടിനെ ഗവാസ്കർ വാനോളം പുകഴ്ത്തി. 15 പന്തിൽ 24 റൺസെടുത്ത സഞ്ജുവിന്‍റെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് 256 എന്ന കൂറ്റൻ സ്കോറിലേക്ക് എത്താൻ അടിത്തറയിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ബാക്ക് ഫൂട്ടിൽ നിന്ന് സഞ്ജു അടിച്ച ആ ലോംഗ് ഓഫ് സിക്സർ അത്ഭുതകരമായിരുന്നു. അതത്ര എളുപ്പമുള്ള ഷോട്ടല്ല. അദ്ദേഹത്തിന്‍റെ ക്ലാസ്സ് തെളിയിക്കുന്ന പ്രകടനമായിരുന്നു അതെന്നും ഗവാസ്കര്‍ പറഞ്ഞു. വലിയ സ്കോറിലേക്ക് പോകാതെ ടീമിന് വേഗത്തിൽ റൺസ് നൽകാനാണ് സഞ്ജു ശ്രമിച്ചത്. അത്തരം 'ഫ്ലൈയിംഗ് സ്റ്റാർട്ടുകൾ' ടൂർണമെന്‍റിൽ വളരെ പ്രധാനമാണെന്നും ഗവാസ്കർ കൂട്ടിചേർത്തു.തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ അഭിഷേക് ശർമ്മ 55 റൺസുമായി തിരിച്ചു വന്നതിനെയും ഗവാസ്കർ അഭിനന്ദിച്ചു. അഭിഷേക് ഇത്തവണ കൂടുതൽ പക്വത കാണിച്ചു. പ്രതിരോധിച്ചും പന്തിനെ ബഹുമാനിച്ചും കളിക്കാൻ അവൻ തയ്യാറായി. ഒരു യുവതാരത്തെ സംബന്ധിച്ച് ഇതൊരു വലിയ പാഠമാണെന്നും ഗവാസ്കര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയോട് ഏറ്റ 76 റൺസിന്‍റെ തോൽവിക്ക് ശേഷം ഇന്ത്യ ശക്തമായി തിരിച്ചുവന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. അക്ഷർ പട്ടേലിന്‍റെ ബൗളിംഗും ടീമിന് മുതൽക്കൂട്ടായെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഞായറാഴ്ച കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയാൽ ഇന്ത്യക്ക് സെമി ഫൈനലിലേക്ക് മുന്നേറാം. ഇല്ലെങ്കിൽ 2028-ലെ ലോകകപ്പിനായി കാത്തിരിക്കേണ്ടി വരുമെന്നും ഗവാസ്കർ ഓർമ്മിപ്പിച്ചു.
