ഗെയിലിന്റെ റെക്കോർഡ് തകർക്കണം, ടി20യിൽ 200 റൺസ് അടിക്കണം; സ്വപ്നം പങ്കുവെച്ച് വൈഭവ് സൂര്യവൻഷി
ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ റൺമെഷീനായി മാറിയ പതിനഞ്ചുകാരൻ വൈഭവ് സൂര്യവൻഷി തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നം പങ്കുവെച്ച് രംഗത്ത്. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ട ശതകം (200 റൺസ്) സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് താരം വെളിപ്പെടുത്തി. മുൻ ഇംഗ്ലീഷ് താരവും പ്രമുഖ കമന്റേറ്ററുമായ കെവിൻ പീറ്റേഴ്‌സനുമായി നടത്തിയ യൂട്യൂബ് അഭിമുഖത്തിലാണ് രാജസ്ഥാൻ ഓപ്പണർ മനസ്സ് തുറന്നത്.
ഐ.പി.എല്ലിൽ ക്രിസ് ഗെയിൽ തീർത്ത 175 റൺസിന്റെ ചരിത്ര സ്കോർ മറികടക്കണമെന്നാണ് ആഗ്രഹമെന്ന് താരം പറഞ്ഞു. 2013-ൽ പൂനെ വാരിയേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടിയാണ് ഗെയിൽ 66 പന്തിൽ 175 റൺസ് അടിച്ചുകൂട്ടിയത്. ഈ ഇന്നിങ്സിലെ 30 പന്തിൽ നേടിയ സെഞ്ച്വറി ഇപ്പോഴും ഐ.പി.എല്ലിലെ ഏറ്റവും വേഗമേറിയ ശതകമാണ്.
ഗെയിലിന്റെ സിക്സർ റെക്കോർഡിന് തൊട്ടരികെ വൈഭവ്
തുടർച്ചയായ രണ്ടാം സീസണിലും രാജസ്ഥാന് വേണ്ടി ഭയമില്ലാതെ ബാറ്റ് വീശുന്ന വൈഭവ് നിലവിൽ മികച്ച ഫോമിലാണ്. ഈ സീസണിൽ ഇതുവരെ 14 ഇന്നിങ്സുകളിൽ നിന്ന് 583 റൺസ് താരം നേടിക്കഴിഞ്ഞു. ഇതിൽ ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ഈ സീസണിൽ മാത്രം താരം പറത്തിയത് 53 സിക്സറുകളാണ്. ഒരു ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന ക്രിസ് ഗെയിലിന്റെ റെക്കോർഡ് തകർക്കാൻ വൈഭവിന് ഇനി വെറും 7 സിക്സറുകൾ കൂടി മതിയാകും.
കഴിഞ്ഞ സീസണിൽ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിച്ച വൈഭവ് 35 പന്തിൽ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതോടെ ടി20യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും, ഒരു ഇന്ത്യക്കാരന്റെ അതിവേഗ ശതകമെന്ന റെക്കോർഡും ഈ പതിനഞ്ചുകാരൻ സ്വന്തമാക്കിയിരുന്നു.
