ഗോകുലം കേരള എഫ്‌സിക്ക് തുടർച്ചയായ രണ്ടാം ജയം; പോയിന്റ് പട്ടികയിൽ ഒന്നാമത്

  1. Home
  2. Sports

ഗോകുലം കേരള എഫ്‌സിക്ക് തുടർച്ചയായ രണ്ടാം ജയം; പോയിന്റ് പട്ടികയിൽ ഒന്നാമത്

gokulam fc


ഇന്ത്യൻ ഫുട്ബോൾ ലീഗിൽ തുടർച്ചയായ രണ്ടാം ജയവുമായി ഗോകുലം കേരള എഫ്‌സി. ജയ്പൂരിലെ വിദ്യാധർ നഗർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം പരാജയപ്പെടുത്തിയത്. ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഗോകുലം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

ആക്രമണം നിറഞ്ഞ മത്സരത്തിന്റെ 68-ാം മിനിറ്റിൽ ക്രിസ്‌ലൻ ഡ സിൽവയാണ് ഗോകുലത്തിന്റെ വിജയഗോൾ നേടിയത്. സാർത്ഥക് ഗോലുയി നൽകിയ ലോങ് ബോൾ സ്വീകരിച്ച് ക്രിസ്‌ലൻ നൽകിയ മികച്ച ഫിനിഷിംഗാണ് മലബാറിയൻസിന് വിജയം സമ്മാനിച്ചത്. 78-ാം മിനിറ്റിൽ ക്രിസ്‌ലനെ ഫൗൾ ചെയ്തതിന് രാജസ്ഥാൻ താരം നോവിൻ ഗുരുങ്ങിന് റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകിയതോടെ എതിരാളികൾ പത്ത് പേരായി ചുരുങ്ങി.

മത്സരത്തിലെ നിർണായക ഗോൾ നേടിയ ക്രിസ്‌ലൻ ഡ സിൽവ തന്നെയാണ് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയത്. ഗോകുലം പ്രതിരോധത്തിന്റെയും ഗോൾകീപ്പർ ഷിബിൻ രാജിന്റെയും മികച്ച പ്രകടനമാണ് അവസാന നിമിഷങ്ങളിൽ ലീഡ് നിലനിർത്താൻ സഹായിച്ചത്. നവംബർ 14-ന് നാഗാലാൻഡ് യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.