അമ്പെയ്ത്തിൽ വീണ്ടും സ്വർണ തിളക്കം; ഏഷ്യൻ ഗെയിംസ് മിക്സഡ് ടീം ഇനത്തിലും ഇന്ത്യയ്ക്ക് വിജയം
ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് വീണ്ടും സുവർണ നേട്ടം. കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തിൽ സഹിൽ രാജേഷ് യാദവ് - ചികിത തനിപാർത്തി സഖ്യം സ്വർണം കരസ്ഥമാക്കി. ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന ഫൈനലിൽ ദക്ഷിണ കൊറിയയുടെ പാർക്ക് ജങ് യൂൺ - ചോയ് യോങ് ഹി സഖ്യത്തെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സഖ്യത്തിന്റെ വിജയം. സ്കോർ 157-157 എന്ന നിലയിൽ സമനിലയിലായതിനെ തുടർന്നാണ് ഷൂട്ട് ഓഫ് വേണ്ടിവന്നത്.
ഈ ജയത്തോടെ നിലവിലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം എട്ടായി ഉയർന്നു. ഒപ്പം 2028-ലെ ലോസ് ഏഞ്ചൽസ് ഒളിംപിക്സിലേക്കുള്ള യോഗ്യതയും ഇന്ത്യൻ ജോഡി ഉറപ്പിച്ചു. അതേസമയം, ബോക്സിങ് വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പ്രിയ ഗംഗാസ് വെങ്കല മെഡൽ നേടി. നേരത്തെ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിലും ചികിത അടങ്ങിയ ഇന്ത്യൻ സംഘം സ്വർണം നേടിയിരുന്നു.
