ഹാർദിക്കിന്‍റെ ഉപാധി തള്ളി ഗുജറാത്ത് ടൈറ്റൻസ്

  1. Home
  2. Sports

ഹാർദിക്കിന്‍റെ ഉപാധി തള്ളി ഗുജറാത്ത് ടൈറ്റൻസ്

hardik pandya


 

അടുത്ത ഐപിഎൽ സീസണിന് മുന്നോടിയായുള്ള താരകൈമാറ്റ ചർച്ചകൾ ചൂടുപിടിക്കവേ, മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയുടെ അപ്രതീക്ഷിത നീക്കത്തെച്ചൊല്ലി ക്രിക്കറ്റ് ലോകത്ത് അഭ്യൂഹങ്ങൾ ശക്തമാകുന്നു. മുംബൈ ഇന്ത്യൻസ് ക്യാമ്പ് വിടാൻ ഒരുങ്ങുന്ന ഹാർദിക്, തന്‍റെ പഴയ ടീമായ ഗുജറാത്ത് ടൈറ്റൻസിലേക്ക് മടങ്ങിയെത്താൻ താൽപര്യം അറിയിച്ചെങ്കിലും, ക്യാപ്റ്റൻസി ആവശ്യപ്പെട്ടതോടെ ട്രേഡ് നീക്കം വഴിമുട്ടിയതായാണ് വിവരം.

ഹാർദിക്കിനെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ ഗുജറാത്ത് മാനേജ്‌മെന്‍റിന് എതിർപ്പുണ്ടായിരുന്നില്ല. നിലവിലെ നായകൻ ശുഭ്മൻ ഗില്ലുമായി അധികൃതർ വിഷയം സംസാരിക്കുകയും, ട്രേഡ് നടത്തുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് ഗിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, തിരിച്ചെത്തണമെങ്കിൽ തനിക്ക് ടീമിന്‍റെ നായകസ്ഥാനം തിരികെ നൽകണമെന്ന നിബന്ധന ഹാർദിക് മുന്നോട്ടുവെച്ചതാണ് കാര്യങ്ങൾ അവതാളത്തിലാക്കിയത്. ഈ നിബന്ധന ഉയർന്നതോടെ ഗുജറാത്ത് ഫ്രാഞ്ചൈസി ഡീൽ വേണ്ടെന്നുവെക്കുകയായിരുന്നുവെന്ന് 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഹാർദിക് പാണ്ഡ്യ നേരിട്ട് ഒരു ഫ്രാഞ്ചൈസിയുമായും ചർച്ചകൾ നടത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി. കൈമാറ്റ നീക്കങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചർച്ചകൾ നടക്കുന്നുണ്ടെങ്കിൽ അത് പൂർണ്ണമായും മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്‍റ് വഴിയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022-ൽ കന്നി സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ കിരീടത്തിലേക്കും, തൊട്ടടുത്ത വർഷം ഫൈനലിലേക്കും നയിച്ചത് ഹാർദിക്കായിരുന്നു. തുടർന്ന് മുംബൈയിലേക്ക് തിരിച്ചെത്തിയ ഹാർദിക്കിന്, രോഹിത് ശർമ്മയ്ക്ക് പകരം നായകസ്ഥാനം ലഭിച്ചെങ്കിലും ആരാധകരിൽ നിന്നും ഡ്രസ്സിംഗ് റൂമിൽ നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നില്ല.