ഗൾഫ് കപ്പ്; യമനെ വീഴ്ത്തി ഖത്തറിന് രണ്ടാം ജയം; യു.എ.ഇക്കൊപ്പം സെമിയിൽ
ഗൾഫ് കപ്പിൽ യമനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ഖത്തർ തുടർച്ചയായ രണ്ടാം വിജയം കുറിച്ചു. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 64-ാം മിനിറ്റിൽ എഡ്മിൽസൺ ജൂനിയർ നൽകിയ ക്രോസിൽ നിന്നും യൂസുഫ് അബ്ദുരിസാഖ് ആണ് ഖത്തറിന്റെ വിജയ ഗോൾ നേടിയത്. ഈ ജയത്തോടെ ഗ്രൂപ്പ് ബിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റോടെ ഖത്തർ യു.എ.ഇക്കൊപ്പം സെമി ഫൈനൽ പ്രവേശനം ഉറപ്പാക്കി.
മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങൾ നടത്തിയ ഖത്തറിനെതിരെ യമൻ ഗോൾകീപ്പർ മുഹമ്മദ് അമാൻ തടസ്സമായി നിന്നുവെങ്കിലും രണ്ടാം പകുതിയിലെ മാറ്റങ്ങൾ ഖത്തറിന് തുണയായി. 73-ാം മിനിറ്റിൽ അക്രം അഫീഫെടുത്ത പെനാൽറ്റി യമൻ ഗോൾകീപ്പർ തടുത്തിട്ടെങ്കിലും ഖത്തർ വിജയം നിലനിർത്തി. തുടർച്ചയായ രണ്ടാം തോൽവിയോടെ യമൻ ടൂർണമെന്റിൽ നിന്ന് പുറത്തായി.
