ഹാളണ്ടിന്റെ മികവില്‍ നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; ഐവറി കോസ്റ്റിനെ കീഴടക്കി; ഇനി എതിരാളികൾ ബ്രസീൽ

  1. Home
  2. Sports

ഹാളണ്ടിന്റെ മികവില്‍ നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; ഐവറി കോസ്റ്റിനെ കീഴടക്കി; ഇനി എതിരാളികൾ ബ്രസീൽ

halland


ലോകകപ്പ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ ഐവറി കോസ്റ്റിനെ തകർത്ത് നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് നോര്‍വേ ആഫ്രിക്കൻ കരുത്തരെ കീഴടക്കിയത്. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ (86-ാം മിനിറ്റ്) സൂപ്പർ സ്‌ട്രൈക്കര്‍ ഏര്‍ലിങ് ഹാളണ്ട് നേടിയ ഗോളാണ് നോർവെയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ക്വാർട്ടർ പ്രവേശനത്തിനായുള്ള പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തിൽ കരുത്തരായ ബ്രസീലാണ് ഇനി നോര്‍വേയുടെ എതിരാളികള്‍.

മത്സരത്തിന്റെ തുടക്കത്തിൽ ഐവറി കോസ്റ്റായിരുന്നു കളം നിറഞ്ഞു കളിച്ചത്. നോര്‍വേ ഗോള്‍മുഖത്ത് അവർ നിരന്തരം അപകടമുയർത്തിയെങ്കിലും ഹാളണ്ടും സോര്‍ലോത്തും നയിച്ച നോര്‍വേ നിര പ്രത്യാക്രമണങ്ങളുമായി തിരിച്ചടിച്ചു. കളിയിലെ ആദ്യ ഗോൾ പിറന്നത് 39-ാം മിനിറ്റിലാണ്. വിങ്ങര്‍ അന്റോണിയോ നൂസ ബോക്‌സിന്റെ ഇടതുമൂലയില്‍ നിന്ന് തൊടുത്ത തകര്‍പ്പന്‍ ഷോട്ടിലൂടെ നോർവെയെ മുന്നിലെത്തിച്ചു. ആദ്യപകുതിയിൽ നോർവെ ഒരു ഗോളിന് മുന്നിലായിരുന്നു.

അമദ് ഡിയാലോയുടെ പോരാട്ടം; ഒടുവിൽ രക്ഷകനായി ഹാളണ്ട്

രണ്ടാം പകുതിയിൽ ഗോള്‍ മടക്കാന്‍ കിണഞ്ഞു ശ്രമിച്ച ഐവറികോസ്റ്റ് 74-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. പകരക്കാരനായി ഇറങ്ങിയ അമദ് ഡിയാലോ ബോക്‌സിനുള്ളില്‍ വെച്ച് നോര്‍വേ പ്രതിരോധ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് മുന്നേറി തകർപ്പൻ ഗോളിലൂടെ ടീമിന് സമനില സമ്മാനിച്ചു. ഇതിനു മുൻപ് നോര്‍വെയുടെ ടോര്‍ബോണ്‍ ഹെഗ്ഗമിന്റെ ഒരു ഗോൾ ഉറച്ച ഷോട്ട് ഗോള്‍ലൈൻ സേവിലൂടെ രക്ഷപ്പെടുത്തിയതും ഡിയാലോയായിരുന്നു.

മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് 86-ാം മിനിറ്റില്‍ നോര്‍വെയുടെ രക്ഷകനായി ഹാളണ്ട് അവതരിച്ചത്. പാട്രിക് ബെര്‍ഗ് ഗോള്‍മുഖത്തേക്ക് നൽകിയ കൃത്യമായ പാസ് ഹോളണ്ട് വലയിലെത്തിക്കുകയായിരുന്നു. അവസാന മിനിറ്റുകളിൽ ഗോൾ മടക്കാനുള്ള ഐവറികോസ്റ്റിന്റെ ശ്രമങ്ങളെല്ലാം നോർവെ ഗോളി ഒര്‍ജാന്‍ ലനൈലാന്‍ഡ് തടഞ്ഞു. ഈ ഗോളോടെ ടൂർണമെന്റിൽ 5 ഗോളുകൾ തികച്ച ഏര്‍ലിങ് ഹാളണ്ട് ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ ലയണൽ മെസിക്കും കിലിയൻ എംബാപ്പെയ്ക്കും തൊട്ടുപിന്നിലെത്തി.