ടീമിനൊപ്പം ഹാർദിക് ഇല്ല; ആർസിബിക്കെതിരെയും സൂര്യകുമാർ യാദവ് മുംബൈയെ നയിക്കും
ഐപിഎല്ലിൽ തുടർച്ചയായ തോൽവികൾക്കിടയിൽ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങിയ മുംബൈ ഇന്ത്യൻസിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അസാന്നിധ്യം വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ നിർണ്ണായക മത്സരത്തിനായി റായ്പൂരിലേക്ക് തിരിച്ച ടീമിനൊപ്പം ഹാർദിക് പാണ്ഡ്യ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. പുറംവേദനയെത്തുടർന്ന് ലക്നൗവിനെതിരായ കഴിഞ്ഞ മത്സരം നഷ്ടമായ പാണ്ഡ്യയ്ക്ക് ഈ സീസണിലെ ബാക്കി മത്സരങ്ങളും നഷ്ടമാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.
ബുധനാഴ്ച മുംബൈ വിമാനത്താവളത്തിൽ നിന്ന് ടീം പുറപ്പെടുമ്പോൾ ഹാർദിക് ഒപ്പമില്ലായിരുന്നുവെന്ന് 'ക്രിക്ബസ്' റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിക്കിന്റെ ഗൗരവത്തെക്കുറിച്ചോ അദ്ദേഹം എപ്പോൾ ടീമിൽ തിരിച്ചെത്തുമെന്നോ ഉള്ള കാര്യത്തിൽ മാനേജ്‌മെന്റ് ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ ഹാർദിക്കിന്റെ അസാന്നിധ്യത്തിൽ സൂര്യകുമാർ യാദവ് തന്നെയാകും ആർസിബിക്കെതിരെയും മുംബൈയെ നയിക്കുക. കഴിഞ്ഞ മത്സരത്തിൽ സൂര്യയുടെ നേതൃത്വത്തിലിറങ്ങിയ മുംബൈ ലക്നൗവിനെ പരാജയപ്പെടുത്തിയിരുന്നു.
ഈ സീസണിൽ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം ഏറെ നിരാശാജനകമാണ്. എട്ട് മത്സരങ്ങളിൽ നിന്ന് 136.45 സ്ട്രൈക്ക് റേറ്റിൽ വെറും 146 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ബൗളിംഗിലും കാര്യമായ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. നിലവിൽ 10 മത്സരങ്ങളിൽ മൂന്ന് ജയം മാത്രമുള്ള മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ വരാനിരിക്കുന്ന എല്ലാ മത്സരങ്ങളിലും മുംബൈയ്ക്ക് വിജയം അനിവാര്യമാണ്.
