മുംബൈയുടെ ദയനീയ പ്രകടനത്തിന് പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റാക്കി ഹാർദിക് പാണ്ഡ്യ

  1. Home
  2. Sports

മുംബൈയുടെ ദയനീയ പ്രകടനത്തിന് പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റാക്കി ഹാർദിക് പാണ്ഡ്യ

hardik pandya


ഐപിഎല്ലിൽനിന്ന് മുംബൈ ഇന്ത്യൻസ് ദയനീയമായി പുറത്തായതിന് പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്ത് നായകൻ ഹാർദിക് പാണ്ഡ്യ. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് നാല്‍പ്പത് മില്യണിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന ഹാർദിക്കിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പ്രൊഫൈൽ കാണാതായത്. സജീവമായി സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്ന താരം അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയോ താത്കാലികമായി നിർജ്ജീവമാക്കുകയോ ചെയ്തത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

ഐപിഎൽ സീസണിൽ മുംബൈയുടെ മത്സരങ്ങൾ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അപ്രതീക്ഷിത നീക്കം. ആരാധകർ താരത്തിന്റെ പ്രൊഫൈൽ തിരയുമ്പോൾ 'യൂസർ നോട്ട് ഫൗണ്ട്' (User not found) അല്ലെങ്കിൽ പേജ് ലഭ്യമല്ല എന്ന സന്ദേശമാണ് കാണിക്കുന്നത്. അക്കൗണ്ട് അപ്രത്യക്ഷമായതിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, ഈ സീസണിൽ ടീമും താരവും നേരിട്ട കടുത്ത സൈബർ ആക്രമണങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഹാർദിക് മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്നുവെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടയിലാണ് പുതിയ വാർത്ത പുറത്തുവരുന്നത്.

മുംബൈ ഇന്ത്യൻസ് പ്ലേഓഫ് കാണാതെ പുറത്തായ ഘട്ടത്തിലും ഹാർദിക് വിവാദങ്ങളിൽ പെട്ടിരുന്നു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ തോൽവിക്ക് പിന്നാലെ ഇൻസ്റ്റഗ്രാമിൽ ഹാർദിക് മുംബൈ ഇന്ത്യൻസിനെ അൺഫോളോ ചെയ്തുവെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. താരത്തിന്റെ ഫോളോയിങ് ലിസ്റ്റിൽ മുംബൈ ഇന്ത്യൻസ് കുറച്ചുസമയത്തേക്ക് ഇല്ലാതിരുന്നതിന്റെ സ്ക്രീൻഷോട്ടുകൾ ആരാധകർ പങ്കുവെച്ചിരുന്നു. എന്നാൽ സാങ്കേതിക തകരാർ മൂലമാണോ അതോ താരം മനഃപൂർവ്വം ചെയ്തതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നില്ല. പിന്നീട് താരം വീണ്ടും ഫ്രാഞ്ചൈസിയെ ഫോളോ ചെയ്യുകയും ചെയ്തിരുന്നു.

ഈ ഐപിഎൽ സീസണിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും നായകത്വത്തിലും ഒരുപോലെ പരാജയപ്പെട്ട ഹാർദിക്കിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. കളിച്ച മത്സരങ്ങളിൽ നിന്ന് വളരെ കുറഞ്ഞ റൺസും വിക്കറ്റുകളും മാത്രമാണ് താരത്തിന് നേടാനായത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് 14 മത്സരങ്ങളിൽ നിന്ന് വെറും നാല് ജയത്തോടെ ഒൻപതാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. വരാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഹാർദിക് ഇടംപിടിക്കുമോ എന്നാണ് ഇനി ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.