ഹര്‍മന്‍പ്രീതിനും ദീപ്തി ശര്‍മയ്ക്കും സെഞ്ച്വറി; സിംബാബ്‌വെക്ക് എതിരെ 328 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യ
സിംബാബ്‌വെക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മികച്ച സ്‌കോര്‍. സീനിയര്‍ താരം ഹര്‍മന്‍പ്രീത് കൗറും (126) ദീപ്തി ശര്‍മയും (106*) സെഞ്ച്വറി കണ്ടെത്തിയതോടെ, നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ പിറന്നത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഓപ്പണര്‍ പ്രതിക റാവല്‍ (61) അര്‍ധ സെഞ്ച്വറി നേടി. സിംബാബ്‌വെക്കായി നൊംവെലോ സിബന്ദ രണ്ട് വിക്കറ്റുകള്‍ നേടി.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയെ സിംബാബ്‌വെ താരങ്ങള്‍ തുടക്കത്തില്‍ ഞെട്ടിച്ചു. ക്യാപ്റ്റന്‍ സ്മൃതി മന്ധാന ആദ്യഓവറില്‍ സംപൂജ്യയായി മടങ്ങി. മൂന്നാം ഓവറില്‍ സ്‌കോര്‍ 19ല്‍ നില്‍ക്കേ ഷെഫാലി വര്‍മയും (8) മടങ്ങിയത് ഇന്ത്യന്‍ ക്യാംപില്‍ ആശങ്കയായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ പ്രതികയ്‌ക്കൊപ്പം മുന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് നിലയുറപ്പിച്ചതോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി. ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 124 റണ്‍സ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായി. നാല് ഫോറും രണ്ട് സിക്‌സും സഹിതം 61 റണ്‍സ് നേടിയ പ്രതികയെ പുറത്താക്കി ന്യാഷ ഗ്വാന്‍സുരയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.
അഞ്ചാം നമ്പരില്‍ ക്രീസിലെത്തിയ തേജല്‍ ഹസബ്‌നിസിന് മൂന്ന് റണ്‍സ് മാത്രമാണ് നേടാനായത്. പിന്നാലെയിറങ്ങിയ ദീപ്തി ശര്‍മ ബൗണ്ടറികളുമായി കളം നിറഞ്ഞതോടെ സ്‌കോറിങ് വേഗമേറി. 101 പന്തില്‍ സെഞ്ചറി പൂര്‍ത്തിയാക്കിയ ഹര്‍മന്‍പ്രീത്, ടീമിനെ 300 കടത്തിയാണ് പുറത്തായത്. 121 പന്തില്‍ 15 ഫോറുള്‍പ്പെടെയാണ് ഹര്‍മന്‍ 126 റണ്‍സ് നേടിയത്. അഞ്ചാം വിക്കറ്റില്‍ ദീപ്തിക്കൊപ്പം 153 റണ്‍സിന്റെ കൂട്ടുകെട്ടൊരുക്കാനും താരത്തിനായി. റിച്ച ഘോഷ് 7 റണ്‍സുമായി മടങ്ങിയപ്പോള്‍, 106 റണ്‍സെടുത്ത ദീപ്തിയും 3 റണ്‍സുമായി സയാലി സത്ഗരെയും പുറത്താകാതെ നിന്നു. 86 പന്തില്‍ 15 ഫോറുള്‍പ്പെടെയാണ് ദീപ്തി 106 റണ്‍സ് അടിച്ചെടുത്തത്.
