ബോബി അലോഷ്യസിന് ശേഷം ചരിത്രനേട്ടം; ഏഷ്യൻ ഗെയിംസ് ഹൈജമ്പിൽ പൂജാ സിങ്ങിന് വെങ്കലം
ഏഷ്യൻ ഗെയിംസ് വനിതാ ഹൈജമ്പിൽ രണ്ടര പതിറ്റാണ്ടിനു ശേഷമുള്ള ആദ്യ മെഡൽ ഇന്ത്യ സ്വന്തമാക്കി. 19-കാരിയായ പൂജാ സിങ്ങാണ് 1.84 മീറ്റർ ഉയരം താണ്ടി വെങ്കല മെഡൽ നേടിയത്. 2002-ൽ മലയാളി താരം ബോബി അലോഷ്യസ് വെള്ളി നേടിയതിന് ശേഷം ഇതാദ്യമായാണ് ഈ ഇനത്തിൽ ഒരു ഇന്ത്യൻ താരം പോഡിയത്തിലെത്തുന്നത്.
മത്സരത്തിൽ 1.90 മീറ്റർ ഉയരം കണ്ടെത്തിയ ഉസ്‌ബെക്കിസ്താന്റെ സയ്ഫുള്ളാവ സ്വർണവും കസാക്കിസ്താന്റെ ക്രിസ്റ്റിന ഒവ്ചിന്നിക്കോവ വെള്ളിയും കരസ്ഥമാക്കി. കഴിഞ്ഞ ഏഷ്യൻ അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ 1.93 മീറ്റർ പിന്നിട്ട് ദേശീയ റെക്കോർഡോടെ സ്വർണം നേടിയ പൂജയ്ക്ക് ആ പ്രകടനം ആവർത്തിക്കാനായില്ലെങ്കിലും മെഡൽ നേട്ടം കൈവിട്ടില്ല. പുരുഷന്മാരുടെ ഹൈജമ്പിൽ സർവേഷ് കുശാര കഴിഞ്ഞ ദിവസം ഇന്ത്യക്കായി വെള്ളി മെഡൽ നേടിയിരുന്നു.
