ഹോക്കി ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ ആറ് ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതകൾ

  1. Home
  2. Sports

ഹോക്കി ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ ആറ് ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതകൾ

hockey india


വനിതാ ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ഇന്ത്യൻ ടീം. തളരാത്ത ആക്രമണ മികവോടെ വിജയം പിടിച്ചെടുത്ത ഇന്ത്യ പൂൾ ഡിയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. അടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ സമനില പിടിച്ചാൽ ഇന്ത്യക്ക് രണ്ടാം റൗണ്ടിൽ ഇടംറ ഉറപ്പിക്കാം.

ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 1974-ൽ സ്‌പെയ്‌നിനെതിരെ നേടിയ 4-1ന്റെ വിജയമെന്ന മുൻ റെക്കോർഡാണ് ഇന്ത്യ ഇതോടെ തിരുത്തിക്കുറിച്ചത്. കളിയിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യക്കായി സുനെലിത ടോപ്പോ, നവ്‌നീത് കൗർ, സുശീല ചാനു, ദീപിക, ലാൽറെംസിയാമി, സാക്ഷി റാണ എന്നിവർ ഗോൾ നേടി. 55-ാം മിനിറ്റിൽ കയ്‌ല ഡി വാളാണ് ദക്ഷിണാഫ്രിക്കയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

പൂൾ ഡിയിലെ ആദ്യ മത്സരത്തിൽ ഒളിമ്പിക് വെള്ളി മെഡൽ ജേതാക്കളായ ചൈനയോട് ഇന്ത്യ സമനില വഴങ്ങിയിരുന്നു. അതേസമയം ഇംഗ്ലണ്ടിനെ തോൽപ്പിച്ച ചൈന ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുണ്ട്. തുടർച്ചയായ രണ്ട് തോൽവികളോടെ ദക്ഷിണാഫ്രിക്ക ടൂർണമെന്റിൽ നിന്ന് പുറത്തായി.