ഹോക്കി ലോകകപ്പ്: നെതർലൻഡ്‌സിനോട് തോൽവി; ഇന്ത്യയുടെ സെമി സാധ്യതകൾക്ക് മങ്ങൽ
ഹോക്കി ലോകകപ്പ് രണ്ടാം റൗണ്ടിലെ പൂൾ ഇയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഒളിമ്പിക്സ് ചാമ്പ്യന്മാരും ലോക രണ്ടാം റാങ്കുകാരുമായ നെതർലൻഡ്‌സ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയെ തകർത്തത്. ഈ തോൽവിയോടെ ടൂർണമെന്റിൽ ഇന്ത്യയുടെ സെമി ഫൈനൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയേറ്റു.
മൂന്നാം ക്വാർട്ടർ വരെ ഇന്ത്യ ശക്തമായി പിടിച്ചുനിന്നെങ്കിലും 41-ാം മിനിറ്റിൽ ടെൽഗൻകാമ്പിലൂടെ നെതർലൻഡ്സ് ആദ്യ ഗോൾ നേടി. തുടർന്ന് നാലാം ക്വാർട്ടറിൽ 51-ാം മിനിറ്റിൽ ഹോയെഡ്‌മെക്കേഴ്‌സ് നെതർലൻഡ്‌സിന്റെ ലീഡ് ഉയർത്തി. തൊട്ടടുത്ത മിനിറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് പെനാൽറ്റി കോർണറിലൂടെ ഇന്ത്യയ്ക്കായി ഒരു ഗോൾ മടക്കിയെങ്കിലും 55-ാം മിനിറ്റിൽ വാൻ ഡാം നെതർലൻഡ്‌സിന്റെ വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.
ഇന്ത്യയുടെ അടുത്ത പോരാട്ടം അർജന്റീനയ്ക്കെതിരെയാണ്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റ അർജന്റീനയും ഇന്ത്യയും നിലവിൽ പോയിന്റൊന്നുമില്ലാതെ ഗ്രൂപ്പിൽ അവസാന സ്ഥാനങ്ങളിലാണ്. 3 പോയിന്റ് വീതമുള്ള ഇംഗ്ലണ്ടും നെതർലൻഡ്‌സുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
