ആതിഥേയരായ കാനഡയും യു.എസും ലോകകപ്പ് ഫുട്‌ബോളിന്റെ അങ്കത്തട്ടിലേക്ക്
ആതിഥേയരായ കാനഡയും യു.എസും ലോകകപ്പ് ഫുട്‌ബോളിന്റെ അങ്കത്തട്ടിലേക്ക്. വെള്ളിയാഴ്ച രാത്രി 12.30-ന് കാനഡ സ്വന്തം തട്ടകത്തിൽ ബോസ്‌നിയ ഹെർസെഗോവിനയുമായി കളിക്കും. ശനിയാഴ്ച പുലർച്ചെ 6.30-ന് യു.എസും പാരഗ്വായും മുഖാമുഖം വരും.
ലോകകപ്പിൽ മൂന്നാംതവണയാണ് കാനഡ കളിക്കാനിറങ്ങുന്നത്. ഇതിന് മുൻപ് ആറ് മത്സരം കളിച്ചെങ്കിലും ആറിലും തോൽവിയായിരുന്നു ഫലം. ഇത്തവണ സ്വന്തം നാട്ടിൽ കളിക്കുമ്പോൾ ബോസ്‌നിയക്കെതിരേ ജയം ടീം മോഹിക്കുന്നുണ്ട്. ആതിഥേയരെന്ന നിലയിലാണ് ടീം ഇത്തവണ യോഗ്യത നേടിയത്. ക്യാപ്റ്റൻ അൽഫോൻസോ ഡേവിസ് പരിക്കുമൂലം കളിക്കാനില്ലാത്തത് ടീമിന് തിരിച്ചടിയാണ്. ജെസെ മാർഷ് പരിശീലിപ്പിക്കുന്ന ടീം അവസാനം കളിച്ച ആറ് കളിയിൽ തോൽവിയറിഞ്ഞിട്ടില്ല.മൗറീഷ്യോ പൊച്ചെറ്റിനോ പരിശീലിപ്പിക്കുന്ന യു.എസ്. അവസാന സന്നാഹമത്സരത്തിൽ സെനഗലിനെ തോൽപ്പിച്ചാണ് വരുന്നത്. ഇതിന് മുൻപുള്ള മത്സരത്തിൽ ജർമനിയോട് പൊരുതിത്തോൽക്കുകയായിരുന്നു. ക്രിസ്റ്റ്യൻ പുലിസിച്ചുള്ള മുന്നേറ്റനിര യു.എസിന് പ്രതീക്ഷ നൽകുന്നു.
