'വിദേശ പരിശീലകന് വേണ്ടി എന്നെ പുറത്താക്കി'; ഹോക്കി ഇന്ത്യക്കെതിരെ പൊട്ടിത്തെറിച്ച് പി.ആർ. ശ്രീജേഷ്
ഇന്ത്യൻ ഹോക്കി ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും തന്നെ ജൂനിയർ ടീം പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയത് ഒരു വിദേശിയെ നിയമിക്കാനാണെന്ന് ശ്രീജേഷ് തുറന്നടിച്ചു. ഹോക്കി ഇന്ത്യ തന്നെ മനഃപൂർവ്വം പുകച്ചുപുറത്താക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തന്റെ കീഴിൽ ജൂനിയർ ടീം മികച്ച മുന്നേറ്റം നടത്തുമ്പോഴാണ് ഈ അപ്രതീക്ഷിത നടപടിയുണ്ടായത്.
It’s seems like My coaching career comes to an end after 1.5 years, during which we played 5 tournaments and secured 5 podium finishes, including a Junior World Cup bronze medal.
— sreejesh p r (@16Sreejesh) May 13, 2026
I have heard about coaches getting fired after bad performances.
But this is the first time I am…
കഴിഞ്ഞ ഒന്നര വർഷത്തിനിടെ അഞ്ച് ടൂർണമെന്റുകളിൽ നിന്നായി അഞ്ച് മെഡലുകൾ ഇന്ത്യൻ ജൂനിയർ ടീം സ്വന്തമാക്കിയിരുന്നു. ജൂനിയർ ഏഷ്യ കപ്പിൽ സ്വർണ്ണം, സുൽത്താൻ ഓഫ് ജോഹർ കപ്പിലും ജൂനിയർ ലോകകപ്പിലും വെങ്കലം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മോശം പ്രകടനത്തിന്റെ പേരിൽ പരിശീലകരെ മാറ്റുന്നത് സ്വാഭാവികമാണെന്നും എന്നാൽ വൻ വിജയങ്ങൾ നേടിയിട്ടും ഒരു വിദേശിക്ക് വേണ്ടി തന്നെ മാറ്റിയത് ഇതാദ്യത്തെ അനുഭവമാണെന്നും ശ്രീജേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു. സീനിയർ ടീം പരിശീലകന്റെ താൽപ്പര്യത്തിന് വഴങ്ങിയാണ് ഹോക്കി ഇന്ത്യ പ്രസിഡന്റ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
വിദേശ പരിശീലകരോടുള്ള ഹോക്കി ഇന്ത്യയുടെ അമിത താൽപര്യത്തെ ശ്രീജേഷ് രൂക്ഷമായി വിമർശിച്ചു. രാജ്യത്ത് മികച്ച മുൻ താരങ്ങൾ ഉണ്ടായിട്ടും നാല് ദേശീയ ടീമുകളിലും വിദേശികളെ നിയമിക്കുന്നത് എന്തിനാണെന്നും ഇന്ത്യൻ പരിശീലകർക്ക് ഹോക്കിയെ വളർത്താൻ കഴിയില്ലേ എന്നും അദ്ദേഹം ചോദിച്ചു. 2036 ഒളിമ്പിക്സ് ലക്ഷ്യമിട്ട് ശ്രീജേഷിനെപ്പോലുള്ളവർ പരിശീലക രംഗത്തേക്ക് വരണമെന്ന കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിലപാടിന് വിരുദ്ധമാണ് ഹോക്കി ഇന്ത്യയുടെ ഈ നീക്കം. യുവതാരങ്ങളുമായി മികച്ച ബന്ധമുള്ള ശ്രീജേഷിന്റെ വിടവാങ്ങൽ ഇന്ത്യൻ ഹോക്കിയുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
