അമ്പയറിന് നേരെ ഐസ് ബാഗ് എറിഞ്ഞു; ടിം ഡേവിഡിന് വിലക്കും മാച്ച് ഫീയുടെ 50 ശതമാനം പിഴയും
ഐ.പി.എൽ ഫൈനൽ (IPL Final) മത്സരത്തിനിടെ ഓൺ-ഫീൽഡ് അമ്പയർ നിതിൻ മേനോന് നേരെ ഐസ് ബാഗ് എറിഞ്ഞ സംഭവത്തിൽ ബെംഗളൂരു ടീമിന്റെ ഓസ്ട്രേലിയൻ താരം ടിം ഡേവിഡിന് കടുത്ത ശിക്ഷ. ഐ.പി.എല്ലിലെ അച്ചടക്ക നിയമങ്ങളിലെ ലെവൽ 1 നിയമങ്ങൾ താരം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മാച്ച് റഫറിയുടെ നടപടി. ശിക്ഷയുടെ ഭാഗമായി മാച്ച് ഫീയുടെ 50 ശതമാനം താരം പിഴയായി ഒടുക്കണം. കൂടാതെ താരത്തിന് ഡിമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്.
അടുത്ത സീസണിലെ ആദ്യ മത്സരത്തിൽ വിലക്ക്
നേരത്തെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ടിൽ വെച്ച് അശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരിൽ ടിം ഡേവിഡ് ഡിമെറിറ്റ് പോയിന്റ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഫൈനലിലും അച്ചടക്കലംഘനം ആവർത്തിച്ചിരിക്കുന്നത്. പുതിയ ഡിമെറിറ്റ് പോയിന്റ് കൂടി അക്കൗണ്ടിലായതോടെ, ഐ.പി.എല്ലിന്റെ അടുത്ത സീസണിലെ (2027) തങ്ങളുടെ ആദ്യ മത്സരത്തിൽ ഒാസീ താരത്തിന് കളത്തിലിറങ്ങാൻ സാധിക്കില്ല. നിർണായക മത്സരത്തിലെ താരത്തിന്റെ ഈ അനാവശ്യ പെരുമാറ്റം ടീമിനും വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
