സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ; വാങ്കഡെയിൽ ബാറ്റിംഗ് വിസ്മയമായി സഞ്ജു സാംസൺ

  1. Home
  2. Sports

സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ; വാങ്കഡെയിൽ ബാറ്റിംഗ് വിസ്മയമായി സഞ്ജു സാംസൺ

sanju


ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് റെക്കോർഡ് സ്കോർ. മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ (42 പന്തിൽ 89) കരുത്തിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസെടുത്തു. ഇംഗ്ലണ്ടിന്റെ ഫൈനൽ മോഹങ്ങൾക്ക് തടയിടാൻ ഇന്ത്യക്ക് ഇനി വേണ്ടത് മികച്ച ബൗളിംഗ് പ്രകടനമാണ്. 254 റൺസെന്ന പടുകൂറ്റൻ ലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്.

തുടക്കത്തിൽ തന്നെ ലഭിച്ച ജീവൻദാനം മുതലാക്കിയ സഞ്ജു സാംസൺ ഇംഗ്ലീഷ് ബൗളർമാരെ വാങ്കഡെയിൽ നിലംതൊടീച്ചില്ല. വെറും 26 പന്തിൽ അർധസെഞ്ചുറി തികച്ച താരം 7 സിക്സറുകളും 8 ഫോറുകളും ഉൾപ്പെടെയാണ് 89 റൺസ് അടിച്ചുകൂട്ടിയത്. അർഹിച്ച സെഞ്ചുറിക്ക് തൊട്ടരികിലാണ് സഞ്ജുവിന് വിക്കറ്റ് നഷ്ടമായത്. ഓപ്പണർ അഭിഷേക് ശർമ (9) നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവിന്റെ പോരാട്ടം ഇന്ത്യൻ ഇന്നിങ്സിന് കരുത്തായി.

മധ്യനിരയിൽ ഇഷാൻ കിഷൻ (18 പന്തിൽ 39), ശിവം ദുബെ (25 പന്തിൽ 43) എന്നിവരും തകർത്തടിച്ചു. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും തിലക് വർമയും നടത്തിയ കടന്നാക്രമണമാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. ഇന്നത്തെ മത്സരത്തിലെ വിജയികൾ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും.