മാലദ്വീപിനെ വീഴ്ത്തി; സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ സെമി ഫൈനലിൽ
സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാലദ്വീപിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഇന്ത്യ സെമി ഫൈനലില്‍ കടന്നു. മത്സരത്തിന്റെ 38-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സുഹൈല്‍ അഹമ്മദ് ഭട്ടാണ് ഇന്ത്യയുടെ വിജയഗോള്‍ സ്വന്തമാക്കിയത്.
ബംഗ്ലാദേശിലെ ധാക്ക നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി-യിലെ നിർണായക മത്സരത്തിൽ അബ്ദുല്‍ റബീഹിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് ഇന്ത്യയ്ക്ക് പെനാൽറ്റി ലഭിച്ചത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ മാലദ്വീപ് സമനിലയ്ക്കായി കടന്നാക്രമിച്ചെങ്കിലും മലയാളി ബന്ധമുള്ള ഗോള്‍കീപ്പര്‍ പ്രിയാന്‍ഷ് ദുബെയുടെ മികച്ച സേവുകൾ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചു.
തുടർച്ചയായ രണ്ടാം ജയത്തോടെ 6 പോയിന്റോടെ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് ഒൻപത് തവണ വിജയികളായ ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 3-2ന് പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. തോറ്റെങ്കിലും ഗ്രൂപ്പിൽ നിന്ന് പാകിസ്ഥാനും സെമി ഫൈനൽ ഉറപ്പിച്ചു.
