പാകിസ്ഥാനെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; ഏഴ് വിക്കറ്റ് വിജയവുമായി സെമിയിലേക്ക്

  1. Home
  2. Sports

പാകിസ്ഥാനെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; ഏഴ് വിക്കറ്റ് വിജയവുമായി സെമിയിലേക്ക്

india


വനിതാ ഏഷ്യ കപ്പിൽ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിഫൈനലിൽ പ്രവേശിച്ചു. പാകിസ്ഥാൻ ഉയർത്തിയ 56 റൺസിന്റെ നിസ്സാര വിജയലക്ഷ്യം 68 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു (57/3). 18 റൺസോടെ പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ചെറിയ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഷഫാലി വർമ (12) സിക്സറോടെയാണ് തുടങ്ങിയതെങ്കിലും പാക് ക്യാപ്റ്റൻ ഫാത്തിമ സന തുടരെ വിക്കറ്റുകൾ വീഴ്ത്തി സമ്മർദ്ദം സൃഷ്ടിച്ചു. ഷഫാലിക്കും പ്രതിക റാവലിനും (4) പിന്നാലെ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി താരം സ്മൃതി മന്ധാനയെയും (9) ഫാത്തിമ പുറത്താക്കിയതോടെ ഇന്ത്യ 29/3 എന്ന നിലയിൽ പരുങ്ങി. എന്നാൽ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ദീപ്തി ശർമയും (12*) ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. പാകിസ്ഥാനായി ഫാത്തിമ സന മൂന്ന് വിക്കറ്റും നേടി.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ, ഇന്ത്യൻ സ്പിൻ ആക്രമണത്തിന് മുന്നിൽ 18.1 ഓവറിൽ 55 റൺസിന് പുറത്താകുകയായിരുന്നു. 14 റൺസെടുത്ത ഷവാൽ സുൽഫിക്കറും 13 റൺസെടുത്ത മുനീബ അലിയും മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യക്കായി പ്രേമ റാവത്തും ശ്രീ ചരണിയും മൂന്ന് വിക്കറ്റ് വീതവും ദീപ്തി ശർമ്മ രണ്ട് വിക്കറ്റും വീഴ്ത്തി തിളങ്ങി.