600-ാം ടെസ്റ്റിൽ ഇന്ത്യക്ക് ഗംഭീര തുടക്കം; ദേവ്ദത്ത് പടിക്കലിന് കന്നി സെഞ്ച്വറി

  1. Home
  2. Sports

600-ാം ടെസ്റ്റിൽ ഇന്ത്യക്ക് ഗംഭീര തുടക്കം; ദേവ്ദത്ത് പടിക്കലിന് കന്നി സെഞ്ച്വറി

devdutt padikkal


ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കലിന്റെ (131*) ബലത്തിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 288 റൺസെടുത്തു. അർധസെഞ്ച്വറി നേടിയ കെ.എൽ. രാഹുലിന്റെയും (77) വേഗത്തിൽ റണ്ണടിച്ച ഋഷഭ് പന്തിന്റെയും (27*) പ്രകടനം ഇന്ത്യക്ക് മികച്ച അടിത്തറയേകി. 600 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയ മത്സരത്തിൽ ടോസ് നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

യശസ്വി ജയ്‌സ്വാളും (32) കെ.എൽ. രാഹുലും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും ആശയക്കുഴപ്പത്തെ തുടർന്ന് ജയ്‌സ്വാൾ റണ്ണൗട്ടായി. തുടർന്ന് ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലും രാഹുലും ചേർന്ന് രണ്ടാം വിക്കറ്റിൽ 150 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം സെഷനിൽ കൈക്ക് അസ്വസ്ഥത അനുഭവപ്പെട്ട രാഹുൽ റിട്ടയേർഡ് ഹർട്ടായി മടങ്ങുകയും ക്യാപ്റ്റൻ ഗിൽ (16) പുറത്താകുകയും ചെയ്‌തെങ്കിലും, പിന്നീട് പന്തിനെ കൂട്ടുപിടിച്ച് ദേവ്ദത്ത് സെഞ്ച്വറി തികച്ചു. 178 പന്തിൽ 12 ഫോറും ഒരു സിക്‌സറും അടക്കമാണ് ദേവ്ദത്ത് 131 റൺസോടെ പുറത്താകാതെ നിൽക്കുന്നത്.