61 റണ്‍സിനിടെ 5 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടും തോൽവി; ഹംസ സഹൂറിന്റെ സെഞ്ച്വറിയിൽ പാകിസ്ഥാന് ജയം

  1. Home
  2. Sports

61 റണ്‍സിനിടെ 5 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടും തോൽവി; ഹംസ സഹൂറിന്റെ സെഞ്ച്വറിയിൽ പാകിസ്ഥാന് ജയം

hamza


അണ്ടര്‍ 19 ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ആവേശകരമായ മത്സരത്തിൽ 3 വിക്കറ്റിനാണ് പാക് കൗമാരപ്പട ഇന്ത്യയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ, 48.1 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഈ ജയത്തോടെ പാകിസ്ഥാൻ സെമിഫൈനൽ സാധ്യതകൾ കൂടുതൽ ശക്തമാക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അർജുൻ രജ്പുതിന്റെ സെഞ്ച്വറി മികവിലാണ് (85 പന്തിൽ 107) 46.3 ഓവറിൽ 208 റൺസിന് ഓൾഔട്ടായത്. പാകിസ്ഥാനു വേണ്ടി അലി റാസയും റിസ്വാനുല്ലയും മൂന്നു വീതം വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ ഇന്ത്യൻ ബൗളർമാർ തുടക്കത്തിൽ വിറപ്പിച്ചു. 61 റൺസിനിടെ പാകിസ്ഥാന്റെ 5 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ മത്സരത്തിൽ മേൽക്കോയ നേടുകയും ചെയ്തു. എന്നാൽ, ഏഴാം നമ്പറിൽ ക്രീസിലെത്തി പുറത്താകാതെ സെഞ്ച്വറി നേടിയ ഹംസ സഹൂറിന്റെയും (100*) ഹസ്‌നൈൻ അബ്ബാസ് ദാറിന്റെയും (38) ചെറുത്തുനിൽപ്പ് മത്സരത്തിന്റെ ഗതി മാറ്റിമറിച്ചു. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 107 റൺസിന്റെ കൂട്ടുകെട്ടാണ് പാകിസ്ഥാന് ത്രില്ലർ ജയം സമ്മാനിച്ചത്. ഇന്ത്യക്കായി മനാൽ ചൗഹാൻ 3 വിക്കറ്റും മോഹിത് ഉൽവ 2 വിക്കറ്റും വീഴ്ത്തി.