ഇന്ത്യയും പാകിസ്ഥാനും ഓസ്‌ട്രേലിയയും ഒരേ ഗ്രൂപ്പിൽ; 2027 ഏകദിന ലോകകപ്പ് ഫിക്‌സ്ചർ പ്രഖ്യാപിച്ചു
2027 ഏകദിന ലോകകപ്പിന്റെ മത്സരക്രമം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ 14 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 12 വേദികളിലായി ആകെ 57 മത്സരങ്ങൾ മൂന്ന് ഘട്ടങ്ങളിലായി നടക്കും. വൻപോരാട്ടങ്ങൾക്ക് വഴിയൊരുക്കി ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ എന്നീ കരുത്തർ എ ഗ്രൂപ്പിലാണ് ഇടംപിടിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് തുടങ്ങിയ ടീമുകൾ ഗ്രൂപ്പ് ബിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. യോഗ്യതാ റൗണ്ടിൽ 12, 13, 14 സ്ഥാനങ്ങളിലെത്തിയ ടീമുകളുടെ സൂപ്പർ സീരീസ് മത്സരങ്ങളോടെയാണ് ലോകകപ്പിന് തുടക്കമാകുക. ഇതിലെ വിജയികൾ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും. ഒക്ടോബർ 7-ന് നടക്കുന്ന ഇന്ത്യ - ഓസ്‌ട്രേലിയ പോരാട്ടത്തോടെ ലോകകപ്പിന്റെ രണ്ടാം ഘട്ട മത്സരങ്ങൾക്ക് തുടക്കമാകും.
