അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ മാറ്റം; പരിക്കേറ്റ നിതീഷ് റെഡ്ഡിക്ക് പകരം സൂര്യാൻഷ് ഷെഡ്ഗെ ടീമിൽ

  1. Home
  2. Sports

അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ മാറ്റം; പരിക്കേറ്റ നിതീഷ് റെഡ്ഡിക്ക് പകരം സൂര്യാൻഷ് ഷെഡ്ഗെ ടീമിൽ

suryansh


അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മാറ്റം. പരിക്കേറ്റ് പുറത്തായ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് പകരക്കാരനായി മുംബൈയുടെ യുവ ഓൾറൗണ്ടർ സൂര്യൻഷ് ഷെഡ്ഗെയെ ബി.സി.സി.ഐ സീനിയർ സെലക്ഷൻ കമ്മിറ്റി ഇന്ത്യൻ ടീമിലുൾപ്പെടുത്തി. അഫ്ഗാനിസ്ഥാനെതിരെ അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയ്ക്കിടയിലാണ് നിതീഷ് കുമാർ റെഡ്ഡിക്ക് പരിക്കേറ്റത്. ജൂൺ 20-ന് നടന്ന മൂന്നാം ഏകദിനത്തിന് ശേഷം താരത്തിന് ഇടത് തുടയിലെ പേശികൾക്ക് കടുത്ത അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ബി.സി.സി.ഐ മെഡിക്കൽ ടീം നടത്തിയ പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തുകയും കുറഞ്ഞത് നാല് ആഴ്ചത്തെ വിശ്രമം നിർദ്ദേശിക്കുകയുമായിരുന്നു.

ശ്രീലങ്കയിൽ നടന്ന എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിൽ 'ഇന്ത്യ എ'ക്കായി നടത്തിയ മികച്ച പ്രകടനമാണ് 23-കാരനായ സൂര്യാൻഷിന് സീനിയർ ടീമിലേക്കുള്ള വഴിതുറന്നത്. മിഡിൽ ഓർഡറിൽ ബാറ്റ് ചെയ്ത താരം അഞ്ച് മത്സരങ്ങളിൽ നിന്ന് 147 റൺസ് നേടുകയും ടൂർണമെന്റിലുടനീളം പന്തുകൊണ്ട് നിർണ്ണായക സംഭാവന നൽകുകയും ചെയ്തിരുന്നു. കൂടാതെ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കായി ലോവർ മിഡിൽ ഓർഡറിൽ 251.92 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ താരം കൂടിയാണ് സൂര്യാൻഷ്.

യുകെ പര്യടനത്തിൽ ഇന്ത്യയുടെ പേസ് ബോളിംഗ് ഓൾറൗണ്ടർമാരിൽ പ്രധാനിയാകേണ്ട താരമായിരുന്നു നിതീഷ് കുമാർ റെഡ്ഡി. മറ്റൊരു പ്രമുഖ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കും സമാനമായ പരിക്കിന്റെ അസ്വസ്ഥതകൾ ഉള്ളതിനാൽ പന്തെറിയുന്നതിന് നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിൽ നിതീഷിന്റെ പരിക്ക് ഇന്ത്യയുടെ ടീം ബാലൻസിനെ ബാധിക്കുമെന്ന ആശങ്കയിലാണ് നിലവിൽ ടീം മാനേജ്‌മെന്റ്.