ഓസ്ട്രേലിയക്കെതിരെ ഇന്ത്യ അണ്ടർ-19 ടീമിന് വിജയം; അൻവയ് ദ്രാവിഡും ആര്യവീർ സെവാഗും തിളങ്ങി
ഓസ്‌ട്രേലിയയ്‌ക്കെതിരായ അണ്ടർ-19 ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് റൺസിന്റെ ആവേശവിജയം. മഴ മൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ച വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗ് 28 പന്തിൽ അഞ്ച് ഫോറുകളോടെ 26 റൺസെടുത്ത് മികച്ച തുടക്കം നൽകി.
തുടക്കത്തിൽ വിക്കറ്റുകൾ വീണ് 88/4 എന്ന നിലയിലേക്ക് ഇന്ത്യ പതറിയെങ്കിലും അൻവയ് ദ്രാവിഡും യശ്വർധൻ ചൗഹാനും ചേർന്ന് ഇന്നിങ്സ് വീണ്ടെടുത്തു. രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡ് 18 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്‌സറുമടക്കം 211.11 സ്ട്രൈക്ക് റേറ്റിൽ 38 റൺസടിച്ചുകൂട്ടി.
34 പന്തിൽ 54 റൺസെടുത്ത യശ്വർധനൊപ്പം അൻവയ് 69 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്കായി ക്യാപ്റ്റൻ ജാക്ക് ചോസ്‌നെക് (55), നീൽ പട്ടേൽ (45), ഹെയ്ഡൻ ബാർബുലോവിച്ച് (40) എന്നിവർ പൊരുതിയെങ്കിലും അവസാന ഓവറുകളിൽ കൃത്യതയാർന്ന പന്തേറിലൂടെ ഇന്ത്യൻ ബൗളർമാർ വിജയം പിടിച്ചെടുക്കുകയായിരുന്നു. ബാറ്റിങ്ങിന് പുറമെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി യശ്വർധൻ ചൗഹാൻ ബൗളിങ്ങിലും തിളങ്ങി.
