ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ട്വന്റി-20 ഇന്ന് കാൻബറയിൽ
ഏകദിന പരമ്പരയിലെ തോൽവി മറക്കാൻ ഇന്ത്യ ട്വന്റി 20ക്ക് എത്തുന്നു. ഓസ്ട്രേലിയയുമായുള്ള അഞ്ച് മത്സര ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. കാൻബറയിൽ പകൽ 1.45നാണ് മത്സരം. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്ററായി മലയാളി താരം സഞ്ജു സാംസണുമുണ്ട്. അടുത്ത വർഷം ഫെബ്രുവരിയിൽ നാട്ടിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പിനുള്ള ഒരുക്കംകൂടിയാണ് ഇന്ത്യക്കിത്. യുവനിരയെ വാർത്തെടുക്കാനും ഒത്തിണക്കമുള്ള അന്തിമ ടീമിനെ തെരഞ്ഞെടുക്കലുമാണ് പ്രധാന ലക്ഷ്യം.
ഏകദിന പരമ്പരയിൽ 2-1നായിരുന്നു അടിയറവ് പറഞ്ഞത്. ട്വന്റി 20യിൽ ഒന്നാം റാങ്കിലുള്ള ഇന്ത്യൻ നിരയിൽ പ്രധാനികളെല്ലാമുണ്ട്. അഭിഷേക് ശർമ-ശുഭ്മാൻ ഗിൽതന്നെയാണ് ഓപ്പണർമാർ. സൂര്യകുമാറും തിലക് വർമയും പിന്നാലെയെത്തും. സഞ്ജു അഞ്ചാം സ്ഥാനത്താകും കളിക്കുക. ബൗളർമാരിൽ ജസ്പ്രീത് ബുമ്രയാണ് മുഖ്യ ആയുധം. മിച്ചെൽ മാർഷാണ് ഓസീസ് ക്യാപ്റ്റൻ. കാൻബറയിൽ മഴസാധ്യതയുണ്ട്. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിൽ റൺ കണ്ടെത്താൻ വിഷമമാകുമെന്നാണ് സൂചനകൾ.
