പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ, തിരിച്ചടിക്കാൻ ദക്ഷിണാഫ്രിക്ക; നാലാം ടി20 ഇന്ന്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ നിർണായകമായ നാലാം പോരാട്ടം ഇന്ന് നടക്കും. ലഖ്‌നൗവിൽ വൈകീട്ട് ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. നിലവിൽ പരമ്പരയിൽ 2-1 ന് മുന്നിലുള്ള ഇന്ത്യയ്ക്ക് ഇന്ന് വിജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം. എന്നാൽ, ശക്തമായ തിരിച്ചുവരവിലൂടെ പരമ്പരയിൽ ഒപ്പമെത്താനാണ് ദക്ഷിണാഫ്രിക്കൻ ടീം ലക്ഷ്യമിടുന്നത്.
ടി20 ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ ബാറ്റിങ്ങിലെ മോശം ഫോം ഇന്ത്യൻ ടീമിന് ആശങ്കയുണ്ടാക്കുന്നുണ്ട്. 118 റൺസിൻ്റെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന മൂന്നാം മത്സരത്തിൽ പോലും 12 റൺസ് എടുക്കാനേ സൂര്യയ്ക്ക് കഴിഞ്ഞുള്ളൂ. ഈ വർഷം ടി20യിൽ ഒരു അർധ സെഞ്ച്വറി പോലും നേടാൻ സൂര്യകുമാറിന് സാധിച്ചിട്ടില്ല.
വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ബാറ്റിങ്ങിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെടുകയാണ്; കഴിഞ്ഞ മത്സരത്തിൽ താരം 28 റൺസാണ് നേടിയത്. സഞ്ജു സാംസൺ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ പുറത്ത് അവസരത്തിനായി കാത്തിരിക്കുമ്പോൾ സീനിയർ താരങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നത് ചർച്ചയാകുന്നുണ്ട്.
കഴിഞ്ഞ മത്സരത്തിൽ സ്പിന്നർ കുൽദീപ് യാദവിനും പേസർ ഹർഷിത് റാണയ്ക്കും അവസരം നൽകിയിരുന്നു. അസുഖബാധിതനായ ഓൾറൗണ്ടർ അക്ഷർ പട്ടേലിന് പകരം ഷഹബാസ് അഹമ്മദിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പരമ്പര നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് ഏകദിന പരമ്പര നഷ്ടമായിരുന്നു. ടി20 പരമ്പരയെങ്കിലും കൈക്കലാക്കാൻ ഇന്ന് അവർക്ക് വിജയം അനിവാര്യമാണ്.
