ഇന്ത്യൻ അത്‌ലറ്റിക്‌സ് സീരീസ്: ആൻസി സോജന് സ്വർണം; വേഗമേറിയ രണ്ടാമത്തെ ഇന്ത്യൻ വനിതയായി ഹരിത ഭദ്ര

  1. Home
  2. Sports

ഇന്ത്യൻ അത്‌ലറ്റിക്‌സ് സീരീസ്: ആൻസി സോജന് സ്വർണം; വേഗമേറിയ രണ്ടാമത്തെ ഇന്ത്യൻ വനിതയായി ഹരിത ഭദ്ര

ancy sojan


ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സമാപിച്ച ഇന്ത്യൻ അത്‌ലറ്റിക്‌സ് സീരീസ് ഫൈനലിൽ വൻ കുതിപ്പുമായി മലയാളി അത്‌ലറ്റുകളും പ്രമുഖ താരങ്ങളും. വനിതകളുടെ 100 മീറ്ററിൽ 11.22 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയ മഹാരാഷ്ട്രയുടെ 23-കാരി ഹരിത ഭദ്ര, ഇന്ത്യയിലെ എക്കാലത്തെയും വേഗമേറിയ രണ്ടാമത്തെ വനിതാ താരമെന്ന നേട്ടം സ്വന്തമാക്കി. 2021-ൽ ദ്യുതി ചന്ദ് കുറിച്ച ദേശീയ റെക്കോഡ് നേരിയ വ്യത്യാസത്തിലാണ് (0.05 സെക്കൻഡ്) ഹരിതയ്ക്ക് നഷ്ടമായത്.

കേരളത്തിന്റെ താരങ്ങളും മികച്ച പ്രകടനമാണ് ടൂർണമെന്റിൽ കാഴ്ചവെച്ചത്. വനിതകളുടെ ലോങ് ജമ്പിൽ 6.76 മീറ്റർ ദൂരം കണ്ടത്തി അൻസി സോജൻ സ്വർണം കരസ്ഥമാക്കി. പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ 16.43 മീറ്ററോടെ കാർത്തിക് ഉണ്ണികൃഷ്ണനും, 800 മീറ്ററിൽ 1:46.40 മിനിറ്റിൽ ഫിനിഷ് ചെയ്ത് മുഹമ്മദ് അഫ്‌സലും കേരളത്തിനായി സ്വർണം നേടി. ഒഡീഷയുടെ അനിമേഷ് കുജൂർ 100, 200 മീറ്റർ ഇനങ്ങളിൽ ഇരട്ട സ്വർണം നേടി.

ടൂർണമെന്റിൽ പുരുഷ-വനിതാ ഹാമർ ത്രോ മത്സരങ്ങളിൽ പുതിയ ദേശീയ റെക്കോഡുകൾ പിറന്നു. പുരുഷ വിഭാഗത്തിൽ ഡൽഹിയുടെ നിർഭയ് ചൗധരിയും (71.02 മീറ്റർ), വനിതാ വിഭാഗത്തിൽ ഉത്തർപ്രദേശിന്റെ താന്യ ചൗധരിയും (68.35 മീറ്റർ) പുതിയ ദേശീയ റെക്കോഡ് കുറിച്ചു. ആകെ 65 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് വിജയികളായ അത്‌ലറ്റുകൾക്ക് ടൂർണമെന്റിൽ വിതരണം ചെയ്തത്.