സഞ്ജു സാംസണ് ഉപദേശവുമായി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ

  1. Home
  2. Sports

സഞ്ജു സാംസണ് ഉപദേശവുമായി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ

sanju


 

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിൽ 22 പന്തിൽ 57 റൺസുമായി മിന്നുന്ന പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണ് ഉപദേശവുമായി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ. തുടർച്ചയായി റൺസ് കണ്ടെത്താനും ടീമിൽ സ്ഥാനം ഉറപ്പിക്കാനും സഞ്ജു ബാറ്റിങ്ങിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ചാണ് മുൻ ഇന്ത്യൻ നായകൻ വ്യക്തമാക്കിയത്.

ക്രീസിലെത്തിയ ഉടൻ ആക്രമിച്ചു കളിക്കാൻ തുനിയാതെ, തുടക്കത്തിൽ അൽപ്പം സമയം കണ്ടെത്തി സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം കളി കൈയിലെടുക്കുന്ന ശൈലിയാണ് സഞ്ജുവിന് അനുയോജ്യമെന്ന് ഗവാസ്കർ പറഞ്ഞു. ടി20യിൽ ഓപ്പണർമാർക്കാണ് കൂടുതൽ പന്തുകൾ നേരിടാൻ അവസരം ലഭിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കണ്ടതുപോലെ, ആദ്യം പിച്ചിന്‍റെ സ്വഭാവം മനസിലാക്കി നിലയുറപ്പിച്ച ശേഷമാണ് സഞ്ജു വലിയ ഷോട്ടുകളിലേക്ക് കടന്നത്. ഈ രീതി തുടരുകയാണെങ്കിൽ സഞ്ജുവിന് ഒരിക്കലും പരാജയപ്പെടേണ്ടി വരില്ല. എല്ലാ മത്സരങ്ങളിലും 50-ഉം 60-ഉം റൺസ് വീതം നേടി സ്ഥിരത പുലർത്താൻ അദ്ദേഹത്തിന് സാധിക്കുമെന്നും സുനിൽ ഗവാസ്കർ പറഞ്ഞു.

ആദ്യ പന്ത് മുതൽ അടിച്ചുതകർക്കാൻ ശ്രമിക്കുന്നതാണ് പലപ്പോഴും സഞ്ജുവിന് തിരിച്ചടിയാകുന്നത്. 190ഓ 200-ഓ റൺസ് ചേസ് ചെയ്യേണ്ടിവരുമ്പോൾ ആദ്യ പന്ത് മുതൽ ആക്രമിക്കേണ്ടത് നിർബന്ധമാണെങ്കിലും, സാധാരണ സാഹചര്യങ്ങളിൽ അൽപസമയം കണ്ടെത്തി കളിച്ചാൽ സഞ്ജുവിന് വലിയ സ്കോറുകൾ കണ്ടെത്താനാകുമെന്ന് ഗവാസ്കർ കൂട്ടിച്ചേർത്തു. 2026 ടി20 ലോകകപ്പ് വിജയത്തിൽ പ്രധാന പങ്കുവഹിച്ച സഞ്ജുവിന്, അതിനുശേഷമുള്ള ചില മത്സരങ്ങളിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ അഫ്ഗാനിസ്ഥാനെതിരെ 7 ഫോറുകളും 4 സിക്സറുകളും അടക്കം നേടിയ തകർപ്പൻ അർധസെഞ്ചുറിയോടെ സഞ്ജു വീണ്ടും ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു.