ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് ഇന്ത്യയുടെ ആയുഷ് ഷെട്ടി ഫൈനലില്‍
ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ലോക ചാംപ്യനുമായ തായ്‌ലന്‍ഡിന്റെ കുന്‍ലാവുട് വിതിത്സാനെ അട്ടിമറിച്ച് ഇന്ത്യയുടെ ആയുഷ് ഷെട്ടി ബാഡ്മിന്റണ്‍ ഏഷ്യ ചാംപ്യന്‍ഷിപ്‌സ് പുരുഷ സിംഗിള്‍സ് ഫൈനലിലേക്ക് മുന്നേറി. തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നു സ്വന്തമാക്കിയാണ് താരം കായിക ലോകത്തെ അമ്പരപ്പിച്ചത്.
സെമി പോരാട്ടത്തില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകളില്‍ മിന്നും പ്രകടനം പുറത്തെടുത്തു വിജയം സ്വന്തമാക്കിയാണ് ആയുഷ് ഫൈനലിലേക്ക് മുന്നേറിയത്. സ്‌കോര്‍: 10-21, 21-19, 21-17.
ഈ വിജയത്തോടെ താരം മറ്റൊരു നേട്ടവും സ്വന്തമാക്കി. 61 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഒരു ഇന്ത്യന്‍ പുരുഷ താരം ബാഡ്മിന്റൺ ഏഷ്യ ചാംപ്യന്‍ഷിപ്‌സിന്റെ ഫൈനലിലെത്തുന്നത്. 1965ല്‍ ദിനേഷ് ഖന്നയാണ് അവസാനമായി ഫൈനല്‍ കളിച്ച ഇന്ത്യന്‍ പുരുഷ താരം.
സെമിയില്‍ എത്തിയപ്പോള്‍ തന്നെ താരം ഒരു മെഡല്‍ ഉറപ്പിച്ചിരുന്നു. 2018ല്‍ മലയാളി താരം എച്എസ് പ്രണോയിയാണ് അവസാനമായി ബാഡ്മിന്റൺ ഏഷ്യ ചാംപ്യന്‍ഷിപ്‌സില്‍ മെഡല്‍ നേടിയത്. അതിനു ശേഷം ഒരു ഇന്ത്യന്‍ താരത്തിനും നേട്ടമില്ല. 2023ല്‍ പുരുഷ ഡബിള്‍സില്‍ ഏഷ്യ ചാംപ്യന്‍ഷിപ്‌സില്‍ ഇന്ത്യയാണ് മെഡല്‍ സ്വന്തമാക്കിയത്. സാത്വിക്‌സായ്‌രാജ് രാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യമാണ് ഡബിള്‍സ് കിരീടം സ്വന്തമാക്കിയത്.
