കുടുംബത്തിന്റെ പിന്തുണ കരിയറിൽ ഏറ്റവും പ്രധാനം; അടുത്ത ലക്ഷ്യം ഏഷ്യൻ ഗെയിംസ് എന്ന് പ്രഗ്നാനന്ദ

  1. Home
  2. Sports

കുടുംബത്തിന്റെ പിന്തുണ കരിയറിൽ ഏറ്റവും പ്രധാനം; അടുത്ത ലക്ഷ്യം ഏഷ്യൻ ഗെയിംസ് എന്ന് പ്രഗ്നാനന്ദ

Praggnanandhaa


ചെസ് ലോകകപ്പ് ഫൈനലില്‍ മാഗ്നസ് കാള്‍സനോട് അടിയറവ് പറങ്ങെങ്കിലും അടുത്ത ലക്ഷ്യം ഏഷ്യന്‍ ഗെയിംസാണെന്ന് വ്യക്തമാക്കി ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ. ടീം എന്ന നിലയിൽ ഏഷ്യന് ഗെയിംസില്‍ മികച്ച പ്രകടനത്തിന് ശ്രമിക്കുമെന്നും പ്രഗ്നാനന്ദ പറഞ്ഞു.

എതിരാളികളാണെങ്കിലും ഇന്ത്യൻ താരങ്ങളെല്ലാം പരസ്പരം പ്രോത്സാഹിപ്പിക്കുന്നവരാണ്. ഒരുമിച്ചു വളരാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും പ്രഗ്നാനന്ദ പറഞ്ഞു. ലോകകപ്പ് ഫൈനലിൽ എത്തിയ ശേഷം തിരിച്ചെത്തിയപ്പോള്‍ നല്‍കിയ വരവേൽപ്പ് ഹൃദയം തൊടുന്നതായിരുന്നുവെന്നും കുടുംബത്തിന്‍റെ പിന്തുണയാണ് കരിയറിൽ ഏറ്റവും പ്രധാനമായതെന്നും പ്രഗ്നാനന്ദ പറഞ്ഞു.

അത്യന്തം വാശിയേറിയ ചെസ് ലോകകപ്പ് ഫൈനലിൽ ടൈബ്രേക്കറിലാണ് പ്രഗ്നാനന്ദയെ കാൾസൻ തോൽപ്പിച്ചത്. ഫൈനലിലെ ആദ്യ രണ്ട് ഗെയിമുകളും സമനിലയിൽ കലാശിച്ചതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീളുകയായിരുന്നു. ടൈബ്രേക്കിൽ കാൾസൻ ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിം സമനിലയിലായതോടെ കാൾസൻ വിജയം സ്വന്തമാക്കുകയായിരുന്നു.

നേരത്തെ അമേരിക്കയുടെ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനോയെ തോല്‍പിച്ചായിരുന്നു പ്രഗ്നാനന്ദ ചെസ് ലോകകപ്പില്‍ കലാശപ്പോരിന് യോഗ്യത നേടിയത്. ഫൈനലില്‍ എത്തിയതോടെ ബോബി ഫിഷര്‍, മാഗ്നസ് കാള്‍സണ്‍ എന്നിവര്‍ക്ക് ശേഷം കലാശപ്പോരിന് യോഗ്യത നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടം ആര്‍ പ്രഗ്നാനന്ദ സ്വന്തമാക്കിയിരുന്നു. 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരവും പ്രഗ്നാനന്ദയാണ്.