ഇൻഫാന്റീനോയെ മാറ്റുന്നത് ഫിഫയുടെ വലിയ പിഴവാകും: ട്രംപ്
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോയുടെ നേതൃത്വത്തിനെതിരെ വിവിധ ഫുട്ബോൾ അസ്സോസിയേഷനുകളുടെ എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.
ഇൻഫാന്റീനോയെ തൽസ്ഥാനത്തുനിന്ന് നീക്കുന്നത് ഫിഫയുടെ ഭാഗത്തുനിന്നുള്ള “വലിയ പിഴവായിരിക്കുമെന്ന്” ട്രംപ് പറഞ്ഞു. ഇൻഫന്റീനോയുടെ നേതൃത്വത്തിൽ നടന്ന ലോകകപ്പ് ഇതുവരെയുള്ളതിൽ ഏറ്റവും വിജയകരമായിരുന്നെന്നും, അദ്ദേഹമില്ലാതെ സമാനമായ വിജയം ആവർത്തിക്കാനാകില്ലെന്നും ട്രംപ് വ്യക്തമാക്കി.
പുരുഷ ലോകകപ്പിലെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഇൻഫന്റീനോയുടെ പദ്ധതിയാണ് വിവാദമായത്. ഫിഫയുടെ ടൂർണമെന്റുകളുടെ വാണിജ്യ പ്രവർത്തന ചുമതലകൾക്കായി ഫിഫ ഫോർവേർഡ് എന്റർപ്രൈസ് (FFE) എന്ന പുതിയ കമ്പനി രൂപീകരിച്ച് അതിന്റെ ഏകദേശം 20 ശതമാനം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് നൽകാനായിരുന്നു പദ്ധതി.
ഇൻഫാന്റീനോയുടെ നേതൃത്വത്തിനെതിരെ യുവേഫ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ, കോൺകകാഫ് എന്നിവർ രംഗത്തെത്തിയിട്ടുണ്ട്. പദ്ധതിയിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഫിഫ മത്സരങ്ങൾ സ്വന്തം നിലയിൽ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ഇവർ പ്രാഥമിക ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുണ്ട്.
