പരിക്ക് വില്ലനായി; ഫ്രഞ്ച് ഓപ്പണിൽ നിന്ന് കാർലോസ് അൽകാറസ് പിന്മാറി
ടെന്നിസ് ആരാധകരെ നിരാശരാക്കി നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാറസ് ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി. വലത് കൈക്കുഴയിലേറ്റ പരിക്കാണ് സ്പാനിഷ് താരത്തിന് തിരിച്ചടിയായത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.
2026 ഏപ്രിലിൽ നടന്ന ബാഴ്‌സലോണ ഓപ്പണിനിടെയാണ് അൽകാറസിന് പരിക്കേറ്റത്. ടൂർണമെന്റിലെ ആദ്യ റൗണ്ടിൽ വിജയിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് അന്ന് പിന്മാറുകയായിരുന്നു. ഫ്രഞ്ച് ഓപ്പണിന് മുന്നോടിയായി ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരിക്കിന്റെ പുരോഗതി തൃപ്തികരമല്ലാത്തതിനാലാണ് പിന്മാറ്റം. ഫ്രഞ്ച് ഓപ്പണിന് പുറമെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന മാഡ്രിഡ് ഓപ്പണും മെയ് ആറിന് ആരംഭിക്കുന്ന ഇറ്റാലിയൻ ഓപ്പണും താരത്തിന് നഷ്ടമാകും.
"ഇന്ന് നടത്തിയ പരിശോധനകൾക്ക് ശേഷം, വിവേകപൂർണ്ണമായ ഒരു തീരുമാനമെടുക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. പരിക്കിന്റെ സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ എടുക്കുന്നതിന്റെ ഭാഗമായി റോം, ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റുകളിൽ നിന്ന് ഞാൻ പിന്മാറുന്നു. പരിക്കിന്റെ പുരോഗതി വിലയിരുത്തിയ ശേഷം എന്ന് കോർട്ടിലേക്ക് മടങ്ങാൻ കഴിയുമെന്ന് തീരുമാനിക്കും. ഇത് എനിക്ക് പ്രയാസകരമായ സമയമാണ്, എങ്കിലും കൂടുതൽ കരുത്തോടെ ഞാൻ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്," എന്ന് അൽകാറസ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. നിലവിലെ ചാമ്പ്യന്റെ അഭാവം ഫ്രഞ്ച് ഓപ്പണിലെ ആവേശം കുറയ്ക്കുമെന്നാണ് കായിക ലോകത്തിന്റെ വിലയിരുത്തൽ.
