'ആർസിബി ആരാധകരോട് കാണിച്ചത് അനീതി'; ഐപിഎൽ ഫൈനൽ വേദി മാറ്റിയതിനെതിരെ ഡി.കെ. ശിവകുമാർ

  1. Home
  2. Sports

'ആർസിബി ആരാധകരോട് കാണിച്ചത് അനീതി'; ഐപിഎൽ ഫൈനൽ വേദി മാറ്റിയതിനെതിരെ ഡി.കെ. ശിവകുമാർ

d k sivakumar


റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ (RCB) ചരിത്രപരമായ ഐപിഎൽ കിരീടനേട്ടത്തിന്റെ ആഹ്ലാദത്തിനിടയിലും, ഫൈനൽ മത്സരത്തിന്റെ വേദി മാറ്റിയതിനെതിരെ രൂക്ഷമായ വിമർശനവുമായി കർണാടക നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഗുജറാത്തിലെ അഹമ്മദാബാദിന് പകരം ഫൈനൽ മത്സരം ബംഗളൂരുവിൽ നടന്നിരുന്നെങ്കിൽ അത് കർണാടകയിലെ ദശലക്ഷക്കണക്കിന് വരുന്ന ആരാധകർക്ക് വലിയൊരു സമ്മാനമാകുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

"യഥാർത്ഥത്തിൽ ഐപിഎൽ ഫൈനൽ നടക്കേണ്ടിയിരുന്നത് ബംഗളൂരുവിലാണ്. നമുക്ക് വലിയ അനീതിയാണ് നേരിടേണ്ടി വന്നത്. കേവലം രാഷ്ട്രീയ കാരണങ്ങളാലാണ് ഫൈനൽ മത്സരം ഗുജറാത്തിലേക്ക് മാറ്റിയത്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല"- വരും ദിവസങ്ങളിൽ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന ഡി.കെ. ശിവകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.

രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും ആർസിബി ടീമിന്റെ മികച്ച പ്രകടനത്തെ അദ്ദേഹം പ്രശംസിച്ചു. ഈ വർഷവും ആർസിബി താരങ്ങൾ ഉജ്ജ്വലമായ കളിതന്നെയാണ് പുറത്തെടുത്തതെന്നും, കർണാടകയിലെ ജനങ്ങൾക്കും വരാനിരിക്കുന്ന സർക്കാരിനും വേണ്ടി ടീമിന് എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായും ശിവകുമാർ കൂട്ടിച്ചേർത്തു. ഐപിഎൽ കിരീടനേട്ടത്തിന് പിന്നാലെ വൻ ആഘോഷങ്ങളാണ് ബംഗളൂരു നഗരത്തിലുടനീളം ആരാധകർ സംഘടിപ്പിക്കുന്നത്.

ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് ആർസിബി കിരീടത്തിൽ മുത്തമിട്ടത്. ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ബംഗളൂരു മറികടക്കുകയായിരുന്നു. അർധസെഞ്ച്വറിയുമായി തിളങ്ങിയ സൂപ്പർ താരം വിരാട് കോലിയാണ് റൺചേസിങ്ങിൽ ആർസിബിയുടെ നെടുംതൂണായത്. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ തുടർച്ചയായ രണ്ടാം കിരീടനേട്ടമാണിത്. ഇതോടെ ഐപിഎല്ലിൽ കിരീടം നിലനിർത്തുന്ന (തുടർകിരീടം നേടുന്ന) മൂന്നാമത്തെ ക്യാപ്റ്റനെന്ന ചരിത്രനേട്ടം സ്വന്തം പേരിൽ കുറിക്കാൻ രജത് പാട്ടിദാറിനായി. മഹേന്ദ്ര സിങ് ധോണിയും രോഹിത് ശർമയും മാത്രമാണ് മുൻപ് ക്യാപ്റ്റന്മാരായി ഈ അപൂർവ നേട്ടം കൈവരിച്ചിട്ടുള്ളത്.