ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടം; ചെന്നൈയും പഞ്ചാബും നേർക്കുനേർ

  1. Home
  2. Sports

ഐപിഎല്ലിൽ ഇന്ന് തീപാറും പോരാട്ടം; ചെന്നൈയും പഞ്ചാബും നേർക്കുനേർ

ipl


ഐപിഎല്ലിൽ ഇന്ന് ആരാധകർ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം. ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തം തട്ടകമായ എം.എ ചിദംബരം സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സിനെ നേരിടും. ഇന്ത്യൻ‍ സമയം വൈകിട്ട് 7.30-നാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ട ചെന്നൈയ്ക്ക് ഇന്നത്തെ വിജയം അനിവാര്യമാണ്. മലയാളി താരം സഞ്ജു സാംസൺ ചെന്നൈ ജേഴ്സിയിൽ ഇറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങാൻ കഴിയാതിരുന്ന സഞ്ജുവിന്റെ തകർപ്പൻ ബാറ്റിങ്ങിനായി കാത്തിരിക്കുകയാണ് ആരാധകർ.

ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 4 വിക്കറ്റിന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിങ്സ് വരുന്നത്. കൂപ്പർ കനോലിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് കഴിഞ്ഞ കളിയിൽ പഞ്ചാബിന് വിജയം സമ്മാനിച്ചത്. അർദ്ധ മലയാളിയായ ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് ടീമിൽ ലേലത്തിലൂടെ എത്തിയ കരുത്തുറ്റ താരനിരയുണ്ട്. കഴിഞ്ഞ 7 മത്സരങ്ങളിൽ 6 എണ്ണത്തിലും വിജയിക്കാൻ കഴിഞ്ഞത് പഞ്ചാബിന് വലിയ മുൻതൂക്കം നൽകുന്നുണ്ട്.

ചെന്നൈയുടെ ഹോം ഗ്രൗണ്ടാണെങ്കിലും ചെപ്പോക്കിൽ പഞ്ചാബിനാണ് നിലവിൽ ആധിപത്യം. ഇവിടെ അവസാനമായി ഏറ്റുമുട്ടിയ മൂന്ന് തവണയും വിജയം പഞ്ചാബിനൊപ്പമായിരുന്നു. ചരിത്രത്തിൽ ഇരുടീമുകളും 16 തവണ വീതം വിജയിച്ച് തുല്യശക്തികളായി നിൽക്കുകയാണ്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിനൊപ്പം സഞ്ജു തന്നെയാകും ഇന്നും ചെന്നൈയ്ക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്യുക. സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ ജയം സ്വന്തമാക്കാൻ ചെന്നൈയ്ക്കും, വിജയത്തുടർച്ച നിലനിർത്താൻ പഞ്ചാബിനും ഇന്നത്തെ മത്സരം നിർണ്ണായകമാണ്.