ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചു; കൊൽക്കത്ത താരം രഘുവംശിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴ
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം അൻഗ്രിഷ് രഘുവംശിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 20 ശതമാനമാണ് താരം പിഴയായി ഒടുക്കേണ്ടത്. പിഴയ്ക്ക് പുറമെ രഘുവംശിയുടെ അക്കൗണ്ടിൽ ഒരു ഡിമെറിറ്റ് പോയിന്റും മാച്ച് റഫറി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റ് ഉപകരണങ്ങളോ ഗ്രൗണ്ടിലെ മറ്റ് വസ്തുക്കളോ ദുരുപയോഗം ചെയ്യുന്നത് തടയുന്ന ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരമാണ് താരത്തിനെതിരെ നടപടിയെടുത്തത്.
മത്സരത്തിന്റെ അഞ്ചാം ഓവറിൽ 'ഒബ്‌സ്ട്രക്റ്റിങ് ദ ഫീൽഡ്' നിയമപ്രകാരം താൻ പുറത്തായതിലുള്ള അതൃപ്തി പ്രകടിപ്പിച്ചതാണ് താരത്തിന് തിരിച്ചടിയായത്. അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മൈതാനം വിടുന്നതിനിടെ ബൗണ്ടറി കുഷ്യനിൽ ബാറ്റ് കൊണ്ട് ആഞ്ഞടിക്കുകയും ഡഗ്ഔട്ടിലേക്ക് ഹെൽമറ്റ് വലിച്ചെറിയുകയും ചെയ്തത് ചട്ടലംഘനമായി കണക്കാക്കുകയായിരുന്നു. താൻ ചെയ്തത് തെറ്റാണെന്ന് രഘുവംശി മാച്ച് റഫറിക്ക് മുന്നിൽ സമ്മതിച്ചതായി ഐപിഎൽ അധികൃതർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
മത്സരത്തിലുടനീളം വലിയ നാടകീയതകളാണ് അരങ്ങേറിയത്. ഇരു ടീമുകളും നിശ്ചിത ഓവറിൽ 155 റൺസ് വീതം നേടിയതോടെ മത്സരം ടൈയിൽ കലാശിക്കുകയും സൂപ്പർ ഓവറിലേക്ക് നീങ്ങുകയും ചെയ്തു. അവസാന പന്തിൽ സിക്‌സർ നേടി ലഖ്‌നൗ മത്സരം ആവേശകരമായി ടൈ ആക്കിയെങ്കിലും, സൂപ്പർ ഓവറിൽ മികവ് കാട്ടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയം സ്വന്തമാക്കുകയായിരുന്നു.
