ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ ആവേശം തിരിച്ചെത്തുന്നു; സർക്കാർ പച്ചക്കൊടി കാട്ടി
ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും പുനരാരംഭിക്കാൻ കർണാടക സർക്കാർ അനുമതി നൽകി. 2025 ജൂണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (RCB) കന്നി ഐപിഎൽ കിരീടവിജയത്തിന് ശേഷമുള്ള ആഘോഷങ്ങൾക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചതിനെത്തുടർന്ന് സ്റ്റേഡിയത്തിൽ വലിയ മത്സരങ്ങൾ നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
നീണ്ട കാത്തിരിപ്പിന് ശേഷമാണ് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (KSCA) അനുകൂലമായ മറുപടി ലഭിക്കുന്നത്. അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജസ്റ്റിസ് മൈക്കൽ ഡി കുൻഹ കമ്മീഷൻ മുന്നോട്ടുവെച്ച സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന വ്യവസ്ഥയിലാണ് മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്.
കാണികളെ നിയന്ത്രിക്കുന്നതിനുള്ള പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുക, സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയവ ഇതിൽ പ്രധാനമാണ്. കെഎസ്സിഎ പുതിയ പ്രസിഡന്റ് വെങ്കിടേഷ് പ്രസാദ് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായും നടത്തിയ ചർച്ചകൾക്കൊടുവിലാണ് സ്റ്റേഡിയത്തിന് പ്രവർത്തനാനുമതി ലഭിച്ചത്.
ബെംഗളൂരുവിലെ ക്രിക്കറ്റ് ആവേശം വീണ്ടെടുക്കാൻ ഈ നീക്കം അനിവാര്യമാണെന്ന് അദ്ദേഹം കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നു.
