ഐപിഎൽ ലൈവ് സ്ട്രീമിങ്ങിന്റെ പേരിൽ വൻ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

  1. Home
  2. Sports

ഐപിഎൽ ലൈവ് സ്ട്രീമിങ്ങിന്റെ പേരിൽ വൻ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

ipl


ഐപിഎൽ 2026 സീസൺ ആരംഭിച്ച സാഹചര്യത്തിൽ സൗജന്യ ലൈവ് സ്ട്രീമിങ് വാഗ്ദാനം ചെയ്ത് വ്യാപകമായ സൈബർ തട്ടിപ്പ് നടക്കുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകി. ‘XMTV Live’ ഉൾപ്പെടെയുള്ള വ്യാജ ആപ്പുകളെയും ലിങ്കുകളെയും കുറിച്ച് ജാഗ്രത പാലിക്കണമെന്ന് സൈബർ സെൽ അറിയിച്ചു. സൗജന്യമായി ഐപിഎൽ മത്സരങ്ങൾ കാണാമെന്ന പരസ്യത്തിലൂടെ ഉപഭോക്താക്കളെ ആകർഷിച്ച് ഫോണുകളിൽ അപകടകരമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിക്കുകയാണ് തട്ടിപ്പുകാരുടെ രീതി.

ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്താൻ സാധ്യതയുണ്ട്. ഇത് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുന്നതിനും വ്യക്തിഗത വിവരങ്ങൾ ചോരുന്നതിനും കാരണമാകും. ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ മാത്രം ഉപയോഗിക്കണമെന്നും അപരിചിതമായ ലിങ്കുകൾ ഒഴിവാക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു.

ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾക്ക് എസ്എംഎസ്, ബാങ്കിങ് വിവരങ്ങൾ, സ്ക്രീൻ ഷെയറിങ് എന്നിവയ്ക്ക് അനുമതി നൽകരുത്. യാതൊരു കാരണവശാലും ബാങ്ക് വിവരങ്ങളോ ഒടിപിയോ കൈമാറരുത്. അജ്ഞാത പ്ലാറ്റ്‌ഫോമുകളിൽ യുപിഐ പിൻ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കണം. സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യണമെന്നും പൊലീസ് അറിയിച്ചു.