ഐ.പി.എൽ. മത്സരങ്ങൾ മാർച്ച് 26 മുതൽ, ഫൈനൽ മേയ് 31ന്; ഉദ്ഘാടന മത്സരം ബംഗളൂരുവിൽ
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 19-ാം പതിപ്പിന് 2026 മാർച്ച് 26ന് തുടക്കമാകുമെന്ന് റിപ്പോർട്ട്. ഫൈനൽ മേയ് 31നാണ്. ഐ.പി.എൽ. സി.ഇ.ഒ. ഹേമങ് അമീൻ തീയതികൾ ഔദ്യോഗികമായി അറിയിച്ചതായി ക്രിക്ബസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഉദ്ഘാടന മത്സരത്തിന് ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയം വേദിയാകുമെന്നാണ് സൂചന.
സാധാരണഗതിയിൽ നിലവിലെ കിരീട ജേതാക്കളുടെ ഹോം ഗ്രൗണ്ടിലാണ് ഐ.പി.എൽ. ഉദ്ഘാടന മത്സരം നടത്താറുള്ളത്. എന്നാൽ കഴിഞ്ഞ വർഷം റോയൽ ചാലഞ്ചേഴ്‌സിൻ്റെ വിജയാഘോഷ പരേഡിനിടെയുണ്ടായ അപകടത്തിൽ 11 പേർ മരിച്ചതിനെ തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. നിലവിൽ മത്സരങ്ങൾ നടത്താൻ കർണാടക ക്രിക്കറ്റ് അസോസിയേഷന് സംസ്ഥാന സർക്കാരിൽ നിന്ന് ഭാഗികമായി മാത്രമാണ് അനുമതി ലഭിച്ചിട്ടുള്ളത്. സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രമാകും അന്തിമാനുമതി നൽകുക.
ഇന്ന് അബൂദബിയിലെ ഇത്തിഹാദ് അരീനയിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30നാണ് മിനി താരലേലം ആരംഭിക്കുന്നത്. താരലേലത്തിനു ശേഷമാകും മത്സരക്രമത്തിന് അന്തിമ രൂപം നൽകുക. ലേലത്തിൻ്റെ അന്തിമപട്ടികയിൽ 359 പേരാണുള്ളത്. ഇതിൽ 246 പേർ ഇന്ത്യൻ താരങ്ങളാണ്. ആകെ 77 താരങ്ങൾക്കായാണ് 10 ഫ്രാഞ്ചൈസികൾ രംഗത്തിറങ്ങുക. അടിസ്ഥാന വില 30 ലക്ഷം മുതൽ 2 കോടി രൂപ വരെയാണ്.
ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ 2 കോടി രൂപയുടെ പട്ടികയിൽ 40 താരങ്ങളുണ്ട്. ഇതിൽ ബാറ്റിങ് ഓൾറൗണ്ടർ വെങ്കടേശ് അയ്യരും സ്പിന്നർ രവി ബിഷ്ണോയിയും ഉൾപ്പെടെ രണ്ടുപേർ മാത്രമാണ് ഇന്ത്യക്കാർ. ഓസ്ട്രേലിയയുടെ കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ദക്ഷിണാഫ്രിക്കയുടെ ക്വിൻ്റൺ ഡി കോക്ക്, ഡേവിഡ് മില്ലർ തുടങ്ങിയ പ്രമുഖരും 2 കോടി പട്ടികയിലുണ്ട്.
ലേലത്തിൽ പങ്കെടുക്കുന്നവരിൽ 113 പേർ വിദേശികളാണ്. അഫ്ഗാനിസ്ഥാൻ (10), ഓസ്ട്രേലിയ (21), ബംഗ്ലാദേശ് (7), ഇംഗ്ലണ്ട് (22), അയർലൻഡ് (1), ന്യൂസിലൻഡ് (16), ദക്ഷിണാഫ്രിക്ക (16), ശ്രീലങ്ക (12), വെസ്റ്റിൻഡീസ് (9), മലേഷ്യ (1) എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളുടെ പ്രാതിനിധ്യം.
