ലോകകപ്പിൽനിന്ന് പിന്മാറില്ലെന്ന് ഇറാൻ; അമേരിക്കയിൽ കളിക്കില്ലെന്ന നിലപാടിൽ മാറ്റമില്ല, ആവശ്യം തള്ളി ഫിഫ
2026-ലെ ഫിഫ ലോകകപ്പിൽ നിന്ന് തങ്ങൾ പിന്മാറില്ലെന്ന് പ്രഖ്യാപിച്ചതിനൊപ്പം, അമേരിക്കയിൽ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന ഉറച്ച നിലപാടുമായി ഇറാൻ ഫുട്ബോൾ ടീം രംഗത്തെത്തി. അമേരിക്കയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യമെന്ന് ഇറാൻ ഫുട്ബോൾ ടീം ചീഫ് മെഹ്ദി താജ് വ്യക്തമാക്കി. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച മത്സരക്രമത്തിൽ ഒരു തരത്തിലുള്ള മാറ്റവും വരുത്താൻ സാധിക്കില്ലെന്നും ഷെഡ്യൂൾ പ്രകാരം തന്നെ മത്സരങ്ങൾ നടക്കുമെന്നും ഫിഫ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഇറാൻ ലോകകപ്പിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വീണ്ടും അനിശ്ചിതത്വം നിലനിൽക്കുകയാണ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദപരമായ പ്രസ്താവനയെത്തുടർന്നാണ് ഇറാൻ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ഇറാനിയൻ താരങ്ങൾക്ക് അമേരിക്കയിൽ കളിക്കാൻ അനുമതി നൽകുമെങ്കിലും അവരുടെ സുരക്ഷയെക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കുമെന്ന ട്രംപിന്റെ വാക്കുകൾ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പിന്നീട് താരങ്ങൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്ന് അദ്ദേഹം തിരുത്തിയെങ്കിലും മത്സരവേദി മാറ്റണമെന്ന തീരുമാനത്തിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്. നിലവിൽ ദേശീയ ടീം തുർക്കിയിൽ പരിശീലനം നടത്തിവരികയാണെന്നും തങ്ങൾ അമേരിക്കയെയാണ് ബഹിഷ്കരിക്കുന്നതെന്നും മെഹ്ദി താജ് പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തിലെ ഇറാന്റെ മൂന്ന് മത്സരങ്ങളും അമേരിക്കയിലാണ് നടക്കേണ്ടത്. ഈ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ തങ്ങൾ സന്നദ്ധരാണെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷീൻബൗം അറിയിച്ചിട്ടുണ്ട്. എന്നാൽ 2025 ഡിസംബറിൽ പ്രഖ്യാപിച്ച മത്സരക്രമം അനുസരിച്ച് എല്ലാ ടീമുകളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫിഫ അധികൃതർ വ്യക്തമാക്കി. ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ടൂർണമെന്റിലേക്ക് യോഗ്യത നേടിയ ആദ്യ ടീമുകളിൽ ഒന്നാണ് ഇറാൻ.
