ഇറാൻ-ഇസ്രയേൽ സംഘർഷം; അർജന്റീന-സ്പെയിൻ ഫൈനലിസിമ പോരാട്ടം അനിശ്ചിതത്വത്തിൽ
ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ അർജന്റീന-സ്പെയിൻ ഫൈനലിസിമ മത്സരത്തിന് ഭീഷണിയാകുന്നു. സംഘർഷം മിഡിൽ ഈസ്റ്റിലേക്ക് വ്യാപിച്ച സാഹചര്യത്തിൽ മത്സരത്തിന്റെ നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. സ്ഥിതിഗതികൾ ശാന്തമായില്ലെങ്കിൽ മത്സരം മാറ്റിവെക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യൂറോ കപ്പ് ജേതാക്കളായ സ്പെയിനും കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും തമ്മിലുള്ള ഈ ആവേശപ്പോരാട്ടം മാർച്ച് 27-ന് ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരുന്നത്. സൂപ്പർ താരം ലയണൽ മെസ്സിയും യുവതാരം ലമിൻ യമാലും നേർക്കുനേർ വരുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്ന മത്സരമാണിത്. എന്നാൽ മേഖലയിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി കളിക്കാരുടെയും ആരാധകരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
സംഘർഷത്തെത്തുടർന്ന് ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ രാജ്യത്തെ എല്ലാ കായിക ടൂർണമെന്റുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള പ്രാദേശിക മത്സരങ്ങളും നിലവിൽ മാറ്റിയിട്ടുണ്ട്. മത്സരത്തിന്റെ സംഘാടകരായ യുവേഫയും ദക്ഷിണ അമേരിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷനും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെങ്കിലും മത്സരം മാറ്റുന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
