ഐഎസ്എൽ തിരിച്ചുവരുന്നു; പന്ത്രണ്ടാം സീസൺ ഫെബ്രുവരി 14-ന് ആരംഭിക്കുമെന്ന് പ്രഖ്യാപനം
ഫുട്ബോൾ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) പന്ത്രണ്ടാം സീസൺ ഫെബ്രുവരി 14 മുതൽ ആരംഭിക്കും. കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഐഎസ്എൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നിലവിൽ ടൂർണമെന്റിലുള്ള 14 ടീമുകളും പുതിയ സീസണിൽ പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊമേഴ്‌സ്യൽ പാർട്ണറുടെ അഭാവത്തെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിക്കേണ്ടിയിരുന്ന ടൂർണമെന്റ് അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് കായിക മന്ത്രാലയത്തിന്റെ ഈ സുപ്രധാന ഇടപെടൽ.
സീസൺ വൈകിയതോടെ പല പ്രമുഖ ക്ലബുകളും തങ്ങളുടെ ഫസ്റ്റ് ടീം പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരുന്നു. സൂപ്പർ കപ്പ് ജേതാക്കളായ എഫ്‌സി ഗോവയാണ് ഏറ്റവും ഒടുവിൽ പ്രവർത്തനം നിർത്തിയത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ്, ഒഡീഷ എഫ്‌സി, മോഹൻ ബഗാൻ, ചെന്നൈയിൻ എഫ്‌സി തുടങ്ങിയ ടീമുകളും സമാനമായ രീതിയിൽ മുന്നോട്ടുപോയിരുന്നു. ടൂർണമെന്റ് നീണ്ടുപോയത് വിദേശ താരങ്ങളുടെ കരാറുകളെയും ബാധിച്ചു. സൂപ്പർ കപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച പോർച്ചുഗീസ് താരം തിയാഗോ ആൽവസ് അടുത്തിടെ ടീം വിട്ടിരുന്നു.
ടൂർണമെന്റ് വൈകിയതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയതാരം അഡ്രിയാൻ ലൂണയും നോഹ സദോയിയും വായ്പാടിസ്ഥാനത്തിൽ വിദേശ ക്ലബ്ബുകളിലേക്ക് മാറിയിരുന്നു. സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വിദേശ ക്ലബുകളിലേക്ക് പോയ താരങ്ങൾ ടീമിലേക്ക് തിരിച്ചെത്തുമോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വരേണ്ടത്. ഐഎസ്എൽ തിരിച്ചുവരുന്നത് ഇന്ത്യൻ ഫുട്ബോൾ മേഖലയ്ക്കും ക്ലബുകൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്.
